സർക്കാരിന്റെ ഓണം വാരാഘോഷം ഒഴിവാക്കി’; മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദഗ്ധരും ജനപ്രതിനിധികളുമായി ചർച്ച ചെയ്യും. അതിനായി ചീഫ് സെക്രട്ടറിയേ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചു പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ദുരന്ത ബാധിത മേഖലയിൽ 729 കുടുംബങ്ങൾ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതർക്കായി 75 സർക്കാർ ക്വർട്ടേഴ്‌സുകൾ വാസയോഗ്യമാക്കി. 83 കുടുംബങ്ങളെ താമസിപ്പിക്കാനാകും. 105 വാടക വീടുകൾ ഇതിനകം അനുവദിച്ചു. മാറി താമസിക്കാൻ ബാക്കിയുള്ളവർ കൂടുതൽ സമയം ആവശ്യപ്പെട്ടു. കൂടുതൽ വീടുകൾ കണ്ടെത്താൻ കാര്യമായ തടസ്സങ്ങളില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തഭൂമിയിൽ നിന്ന് 179 മൃതദ്ദേഹങ്ങൾ ഇത് വരെ തിരിച്ചറിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൽ 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്നും 65 പേരാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ​ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഒഴിവാക്കാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാടിനായി നമ്മൾ ഒരുമിച്ചു നിൽക്കേണ്ട ഈ ഘട്ടത്തിൽ ഊർജവും പ്രചോദനവും നൽകാൻ ഓണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓണാക്കാലത്തു സർക്കാർ ആഭിമുഖ്യത്തിലുള്ള ആഘോഷങ്ങൾ മാത്രമാണ് ഒഴിവാക്കിയതെന്നും ബാക്കിയെല്ലാം മുറ പോലെ നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓണത്തിന് മഞ്ഞകാർഡുകാർക്ക് 13 ഇന ഭക്ഷ്യ കിറ്റ് നൽകും. ആറു ലക്ഷം ഗുണഭോക്താക്കൾക്ക് കിറ്റ് ലഭിക്കും. ഓണ ചന്തകൾ സെപ്റ്റംബർ 6 മുതൽ ആരംഭിക്കും. സെപ്റ്റംബർ 11 മുതൽ 14 വരെ കർഷകർക്ക് വേണ്ടി പച്ചക്കറി 2000 ചന്തകൾ ഉണ്ടാകം. ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾ തടസ്സമില്ലാതെ സപ്ലൈകോ ഔട്ലെറ്റുകളിൽ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 ഇന ആവശ്യ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ മാവേലി സ്റ്റോറുകൾ വഴി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*