രഞ്ജിത്തിന് പ്രതിരോധം തീർത്ത് സർക്കാർ ; ഇന്ത്യ കണ്ട പ്ര​ഗത്ഭനായ കലാകാരനെന്ന് സാംസ്കാരിക മന്ത്രി

തിരുവനന്തപുരം : ലൈം​ഗികാതിക്രമ ആരോപണത്തിൽ സംവിധായകനും സംസ്ഥാന ചലചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിന് പ്രതിരോധം തീർത്ത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആക്ഷേപത്തിൽ കേസെടുക്കാനാകില്ല. പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കില്ലെന്നും മറിച്ച് പരാതി ലഭിച്ചാൽ എത്ര ഉന്നതനാണെങ്കിലും സർക്കാരിന്റെ ഭാ​ഗത്തുനിന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സർക്കാരിന്റെ നയം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേവലം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാവില്ല. രഞ്ജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. രഞ്ജിത് ഇന്ത്യ കണ്ട് പ്ര​ഗത്ഭനായ മികച്ച കലാകാരനാണ് അദ്ദേഹത്തിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരസ്യമായി ഒരു വ്യക്തി ആരോപണം ഉന്നയിച്ചു, പരസ്യമായി ആരോപണവിധേയൻ അത് തള്ളി. പരാതി ലഭിച്ചാൽ അന്വേഷിക്കും. ഇപ്പോള്‍ പരാതി പറയുന്ന ഒരാളും എന്തുകൊണ്ടാണ് നേരത്തെ വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്ത്രീ സുരക്ഷക്ക് ഏറ്റവും മുൻതൂക്കം നൽകുന്ന സർക്കാരാണ് സംസ്ഥാനത്തുള്ളത്. ഏതെങ്കിലും തൊഴിൽമേഖലയിൽ സ്ത്രീകൾക്ക് എതിരെ അതിക്രമം നടന്നാൽ സർക്കാർ സ്ത്രീകൾക്കൊപ്പമായിരിക്കും. വേതനത്തെ കുറിച്ച് നിർമാതാക്കളുമായി സംസാരിച്ചു. കൃത്യ വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിൽ പരാമർശിച്ച ഭൂരിഭാ​ഗം കാര്യങ്ങളും സർക്കാർ പരിഹരിച്ചു കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വ്യക്തിയെ ഹനിക്കുന്ന ഒരുകാര്യവും പുറത്തുവിടരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇപ്പോൾ പരാതി പറയുന്ന ഒരാളും എന്തുകൊണ്ടാണ് നേരത്തെ വിവരാവകാശ കമ്മീഷനിൽ പരാതി നൽകാതിരുന്നതെന്നും മന്ത്രി ചോദിച്ചു. കഴിഞ്ഞ ദിവസം രഞ്ജിത് ലൈം​ഗികമായി അതിക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബം​ഗാളി നടി ശ്രീലേഖ മിത്ര രം​ഗത്തെത്തിയിരുന്നു. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് മിത്ര മാധ്യമങ്ങളോട് പറഞ്ഞു.

റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര പറഞ്ഞു. അതേസമയം ആരോപണങ്ങൾ തള്ളി രഞ്ജിത് രം​ഗത്തെത്തിയിരുന്നു. താൻ ആരോടും മോശമായി പെരുമാറിയിട്ടില്ല. പാലേരിമാണിക്യത്തിന്റെ ഓഡിഷന് ശ്രീലേഖ വന്നിരുന്നു. കഥാപാത്രത്തിന് അനുയോജ്യമല്ലാത്തതുകൊണ്ടാണ് പരി​ഗണിക്കാതിരുന്നതെന്നുമായിരുന്നു രഞ്ജിത്തിൻ്റെ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*