‘നിയമത്തിന് മുകളിൽ ആരും പറക്കില്ല, നിയമാനുസൃതമുള്ള നടപടി സർക്കാർ സ്വീകരിക്കും’; എം.ബി രാജേഷ്

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. നടി ശ്രീലേഖയുടെയും രഞ്ജിത്തിന്റെയും അഭിപ്രായങ്ങൾ മാത്രമാണ് വന്നത്. പരാതികളൊന്നും സർക്കാരിന് മുന്നിൽ വന്നിട്ടില്ല. പരാതി തന്നാൽ നിയമനടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. നിയമവാഴ്ചയുള്ള സംസ്ഥാനമാണ് കേരളം. നിയമത്തിന് മുകളിൽ ഒന്നും പറക്കില്ല. നിയമാസൃതം ഉള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് രാജിവെക്കാൻ രഞ്ജിത്തിന് മേൽ സമ്മർദം ശക്തമായായി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജി വെക്കുന്നതാണ് നല്ലതെന്നാണ് എൽ‌ഡിഎഫിൽ നിന്നുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ നിലപാട് എന്താകുമെന്നതിൻ്റെ അടിസ്ഥാനത്തിലായിരിക്കും രഞ്ജിത്തിൻ്റെ രാജിയുടെ തീരുമാനം.

ഇതിനിടെ രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമായി. പവര്‍ ഗ്രൂപ്പിനുള്ളില്‍ സിപിഐഎമ്മിന് വേണ്ടപ്പെട്ട ആളുകള്‍ ഉണ്ടെന്ന് ഓരോ ദിവസം കഴിയുംതോറും തെളിയുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സര്‍ക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*