അർജുന്റെ ലോറിക്കായി വീണ്ടും സോണാർ പരിശോധന; ഡ്രഡ്ജർ എത്തിക്കുന്നതില്‍ തീരുമാനമായില്ല

ഷിരൂർ: കർണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിക്കായി വീണ്ടും സോണാർ പരിശോധന നടത്തി നാവികസേന. നേരത്തെ സോണാർ പരിശോധനയിൽ മാർക്ക് ചെയ്ത 30 മീറ്റർ ചുറ്റളവിലാണ് വീണ്ടും പരിശോധന നടത്തിയത്. ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ, ഗാംഗാവലി പുഴയിലെ അടി ഒഴുക്ക് കുറഞ്ഞോ എന്നിവ പരിശോധിക്കാനാണ് നേവി സംഘം ഇന്നിറങ്ങിയത്.

ഓഗസ്റ്റ് 16 ന് തിരച്ചിൽ നിർത്തിവെക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ അടിയൊഴുക്ക് ഇപ്പോൾ പുഴയിൽ ഉള്ളതായാണ് സംഘം നൽകുന്ന വിവരം. അടി ഒഴുക്ക് ശക്തമായതിനാൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നതാണ് തിരച്ചിലിനു തടസം നിൽക്കുന്ന ഘടകം . ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കുന്ന കാര്യത്തിൽ ഇതുവരെ ഉത്തര കന്നഡ ജില്ലാ ഭരണ കൂടവും കർണാടക സർക്കാരും തീരുമാനമെടുത്തിട്ടില്ല.

96 കോടി രൂപ ഇതിനായി ചിലവു വരുമെന്നാണ് കണക്കാക്കുന്നത്. ജൂലൈ 16 നുണ്ടായ മണ്ണിടിച്ചിലിൽപെട്ട കോഴിക്കോട് സ്വദേശി അർജുനെ ഉൾപ്പടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തിൽ 11പേർ മരണപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*