ആരോഗ്യ സേവന രംഗത്ത് പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ

കോട്ടയം: തെക്കന്‍ കേരളത്തിലെ ആരോഗ്യ സേവന രംഗത്ത് പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് കോട്ടയം അതിരൂപതയുടെ കീഴിലുള്ള കാരിത്താസ് ആശുപത്രി. കാരിത്താസ് ആശുപത്രിയും സ്‌കൈ എയര്‍ മൊബിലിറ്റിയും ചേര്‍ന്ന് തെക്കന്‍ കേരളത്തില്‍ ആദ്യമായി ഡ്രോണ്‍ വഴി മെഡിക്കല്‍ ഡെലിവറി ആരംഭിച്ചു. കോട്ടയം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ആരോഗ്യ സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവനം ആരംഭിച്ചിരിക്കുന്നത്.

ഏറ്റവും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ചിരിക്കുന്ന ഡ്രോണിന് 4 മുതല്‍ 6 കിലോമീറ്റര്‍ ദൂരം വരെ 3 കിലോഗ്രാമോളം ഭാരമുള്ള മെഡിക്കല്‍ സാധനങ്ങള്‍ വഹിക്കാന്‍ കഴിയും. ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തുന്ന ഈ സേവനത്തിലൂടെ ആശുപത്രി ലക്ഷ്യമിടുന്നത് ഡെലിവറി സമയം മണിക്കൂറുകളില്‍ നിന്ന് 5-7 മിനിട്ടിലേക്ക് ഗണ്യമായി കുറയ്ക്കുക എന്നതാണ്. 

കാരിത്താസ് ആശുപത്രിയില്‍ വച്ച് നടന്ന ഉദ്ഘാടന ചടങ്ങ് കടുത്തുരുത്തി എം എല്‍ എ അഡ്വക്കേറ്റ് മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി ആദ്യ പരീക്ഷണം എന്ന നിലയില്‍ കാരിത്താസ് ആശുപത്രിയില്‍ നിന്ന് കളത്തിപ്പടി കാരിത്താസ് ഫാമിലി ഹോസ്പിറ്റലിലേക്കും, കൈപ്പുഴ കാരിത്താസ് കെ എം എം ഹോസ്പിറ്റലിലേക്കും മരുന്നുകള്‍ എത്തിച്ചുകൊണ്ട് പദ്ധതിക്ക് തുടക്കമായി. 

ഡ്രോണ്‍ ഡെലിവറിയിലൂടെ അവശ്യ മെഡിക്കല്‍ സാധനങ്ങള്‍ അവയുടെ ലക്ഷ്യസ്ഥാനങ്ങളില്‍ വേഗത്തിലും ഫലപ്രദമായും എത്തിക്കുവാനും സഹായിക്കും. സ്‌കൈ എയര്‍ മൊബിലിറ്റിയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന ഈ പുതിയ പദ്ധതി കോട്ടയത്തിന്റെ ആരോഗ്യ മേഖലയില്‍ തന്നെ വലിയ വഴിത്തിരിവാകുമെന്നും, ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കും മറ്റും മരുന്നുകള്‍, ലാബ് സാമ്പിളുകള്‍, ആരോഗ്യ ഉപകരണങ്ങള്‍ എന്നിവ എത്തിക്കാനും സാധാരണക്കാരുടെ ആരോഗ്യ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും ഈ സേവനം കാരിത്താസിനെ സഹായിക്കുമെന്നും കാരിത്താസ് ഡയറക്ടര്‍ ഫാ. ഡോ ബിനു കുന്നത്ത് പറഞ്ഞു.

അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തിലുള്ള ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിനോടൊപ്പം, ഡ്രോണുകള്‍ ഉപയോഗിക്കുന്നത് പരമ്പരാഗത ഗതാഗത രീതികളുമായി ബന്ധപ്പെട്ട കാര്‍ബണ്‍ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മെഡിക്കല്‍ ഡെലിവറിക്ക് ഡ്രോണുകള്‍ സ്വീകരിക്കുന്നതിലൂടെ, രോഗചികിത്സ മെച്ചപ്പെടുത്താനും കോട്ടയം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ആരോഗ്യ സേവനത്തിന്റെ ഗുണമേന്മവര്‍ദ്ധിപ്പിക്കാനുമുള്ള കാരിത്താസ് ആശുപത്രിയുടെ പ്രവര്‍ത്തങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*