ഭക്ഷണം, വെള്ളം, വായു എന്നിവ പോലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉറക്കം. ആധുനിക കാലത്ത് ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ പലരുടെയും ഉറക്കത്തെ ബാധിക്കാറുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിന് ഉറക്കം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരിയായി ഉറക്കം ലഭിക്കാതെ വരുമ്പോൾ പ്രമേഹം, അമിതഭാരം, ബിപി തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. സമ്മർദം, ഉത്കണ്‌ഠ, രാത്രിയിൽ അമിത മൊബൈൽ ഉപയോഗം, ടി വി കാണുക എന്നിവയെല്ലാം ഉറക്കമില്ലായ്‌മയുടെ കാരണങ്ങളാകാം. എന്നാൽ ഇതിനൊക്കെ പുറമെ നിങ്ങൾ കഴിക്കുന്ന ഭക്ഷണവും ഉറക്കക്കുറവിലേക്ക് നയിക്കുവെന്ന് വിദഗ്‌ധർ പറയുന്നു.
ചില ദൈനംദിന ഭക്ഷണ ശീലങ്ങൾ ദീർഘകാലം നീണ്ടു നിൽക്കുന്ന ഉറക്ക പ്രശ്‌നവും, ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്ന് ന്യൂട്രിഷ്യൻ സയൻസ് എക്സ്പെർട്ട് പ്രൊഫസർ ഡോ എറിക ജോൺസൺ പറയുന്നു. മിഷിഗൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിൽ ഭക്ഷണ ശീലങ്ങൾ ഉറക്കത്തെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് ഉറക്ക സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതെന്ന് പഠനത്തിൽ വിശദീകരിക്കുന്നുണ്ട്.
അമേരിക്കയിലെ 18 വയസ് പ്രായമുള്ള യുവാക്കളെയാണ് പഠനത്തിന് വിധേയമാക്കിയത്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്ന ആളുകൾക്ക് ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നതായും കുറഞ്ഞ അളവിൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവർ ഉറക്ക പ്രശ്‌നം നേരിടുന്നതായും ഗവേഷകർ കണ്ടെത്തി. ശരിയായ ഭക്ഷണക്രമവും ഉറക്കവും പരസ്‌പരം ബദ്ധപ്പെട്ടുകിടക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
അതേസമയം സുഖകരമായ ഉറക്കം ലഭിക്കാൻ പ്രത്യേക ഭക്ഷണക്രമങ്ങളൊന്നും ഇല്ലെന്നെന്ന് ഡോ എറിക്ക ജെൻസൻ പറഞ്ഞു. മികച്ച പോഷകാഹാരം തെരഞ്ഞെടുക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. ദൈനംദിന ജീവിതത്തിൽ പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിനാൽ നല്ല ഉറക്കം ലഭിക്കുന്നതിനെ സഹായിക്കുന്നതും ഉറക്കത്തെ കെടുത്തുന്നതുമായ ഭക്ഷണങ്ങൾ ഏതെന്ന് നോക്കാം.
നല്ല ഉറക്കം ലഭിക്കാനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
-
സംസ്‌കരിച്ച ഭക്ഷണം
-
വറുത്ത ആഹാരം
-
ബർഗർ
-
പൂരിത കൊഴുപ്പുള്ള ഭക്ഷണങ്ങൾ
-
വെള്ള ബ്രഡ്
-
പാസ്‌ത
-
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ
-
മദ്യം
-
കഫീൻ
-
രാസവളം ഉപയോഗിച്ച് വിളയിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ.
നല്ല ഉറക്കം ലഭിക്കാൻ കഴിക്കേണ്ടവ
-
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ
-
ഇലകൾ
-
ഒലിവ് ഓയിൽ
-
മാംസം
-
മത്സ്യം
-
പാലുൽപ്പന്നങ്ങൾ (പാൽ, തൈര്, ചീസ്)
-
കിവി
-
ചെറി
-
ബെറി
-
ഇരുമ്പും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങൾ
അതേസമയം രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നതും ഉറക്കമില്ലായ്‌മയ്ക്ക് കാരണമാകുന്ന ഘടകങ്ങളാണെന്ന് പ്രൊഫസർ ഡോ എറിക ജെൻസൻ പറയുന്നു. കഴിയുന്നതും മദ്യം, കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം. ഉറങ്ങുന്നതിനു മൂന്ന് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കണം. അതും മിതമായ അളവിൽ മാത്രമേ കഴിക്കാവൂ. മാത്രമല്ല രാത്രിയിൽ ഫോൺ, കംപ്യൂട്ടർ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കുറയ്‌ക്കണമെന്നും ഗവേഷകർ നിർദേശിക്കുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Be the first to comment