കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം സെപ്റ്റംബർ 15ന് തിരുവോണ നാളില്‍

കൊല്‍ക്കത്ത: ഐഎസ്എൽ പതിനൊന്നാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം സെപ്റ്റംബർ 15ന് തിരുവോണ നാളില്‍. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. പഞ്ചാബ് എഫ്.സിയാണ് ആദ്യ അങ്കത്തിലെ ബ്സാസ്റ്റേഴ്‌സിന്‍റെ എതിരാളികള്‍. ഐഎസ്എൽ മത്സരങ്ങള്‍ക്ക് സെപ്റ്റംബർ 13 കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ തുടക്കമാകും. 

7.30 നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയും മോഹൻ ബഗാന്‍ എഫ്‌സിയും ഏറ്റുമുട്ടും. ഐ ലീഗ് ചാമ്പ്യൻമാരായ മുഹമ്മദൻ സ്പോർട്ടിങ് കൂടി എത്തിയതോടെ ഇത്തവണ 13 ടീമുകളാണ് ഐഎസ്എല്ലില്‍ പോരാടുക. മുഹമ്മദൻസ്‌ 16ന്‌ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡുമായി ആദ്യ മത്സരത്തിനിറങ്ങും. ഇതോടെ കൊൽക്കത്തയിൽ നിന്ന് മൂന്ന്‌ ക്ലബ്ബുകളായി. ഈസ്‌റ്റ്‌ ബംഗാളും ബഗാനുമാണ്‌ മറ്റു ടീമുകൾ. 2016ന് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ഇല്ലാതെ ഉദ്ഘാടന മത്സരം നടക്കുന്നത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചാം സ്ഥാനത്തെത്തി നോക്കൗട്ടിലേക്ക് യോഗ്യത നേടി, അവിടെ ഒഡീഷയോട് തോറ്റ് പുറത്തായി. ഡിസംബർ 30 വരെയുള്ള മത്സരക്രമമാണ്‌ പുറത്തുവിട്ടത്. ഈ വർഷം അവസാനം വരെ 14 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. ഇതിൽ ഏഴ് ഹോം മത്സരങ്ങളാണ്. ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആദ്യ രണ്ട്‌ മത്സരങ്ങൾ കൊച്ചിയിലാണ്‌. നവംബറിൽ കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ തുടർച്ചയായി മൂന്ന് മത്സരങ്ങൾ കളിക്കും. 22ന്‌ ഈസ്‌റ്റ്‌ ബംഗാളുമായാണ്‌ കൊച്ചിയിലെ രണ്ടാമത്തെ കളി.

മിക്കേൽ സ്‌റ്റാറേ എന്ന സ്വീഡിഷ്‌ പരിശീലകനു കീഴിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങുന്നത്‌. നോഹ സദൂയ്‌, അഡ്രിയാൻ ലൂണ, ക്വാമി പെപ്ര എന്നിവരാണ്‌ പ്രധാന താരങ്ങൾ. മത്സരങ്ങൾ സ്‌പോർട്‌സ്‌ 18ലാണ്‌ തത്സമയം. ജിയോ സിനിമയിലും കാണാം.

 

Be the first to comment

Leave a Reply

Your email address will not be published.


*