തിരുവനന്തപുരം : തലസ്ഥാനത്തെ നടൻ മുകേഷിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യവുമായാണ് യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും മാർച്ച് നടത്തിയത്.
പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായതോടെ പോലീസ് ലാത്തി വീശി. ബാരിക്കേഡ് മറികടന്ന് വീട്ടിലേക്ക് കയറിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേ സമയം എം മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതോടെ വെട്ടിലായിരിക്കുകയാണ് സിപിഐഎം. മുകേഷ് എംഎല്‍എ സ്ഥാനത്തിരിക്കുന്നത് ധാര്‍മ്മികമല്ലെന്നും രാജിക്ക് തയ്യാറായില്ലെങ്കില്‍ രാജി ആവശ്യപ്പെടണമെന്നും സിപിഐ വ്യക്തമാക്കിയതോടെ സര്‍ക്കാരും സിപിഐഎമ്മും പ്രതിരോധത്തിലായി.
ലെെംഗികാതിക്രമ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ മരട് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ 26ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് നടി ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ എഎംഎംഎ സംഘടനയില്‍ അംഗത്വം ലഭിക്കുകയുള്ളു, താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.
Be the first to comment