സതാംപ്‌ടൺ സർവകലാശാല വരുന്നു; രാജ്യത്തെ ആദ്യ വിദേശ സർവകലാശാലാ കാംപസ് ഗുരുഗ്രാമിൽ

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയപ്രകാരം രാജ്യത്ത് ആദ്യത്തെ വിദേശ സർവകലാശാലാ കാംപസ് സ്ഥാപിക്കാൻ യു.കെ.യിലെ സതാംപ്ടൺ സർവകലാശാലയും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയവും ധാരണയായി. ഗുരുഗ്രാമിലാണ് കാംപസ് തുറക്കുക. 2025 ജൂലൈയിൽ കോഴ്സ് തുടങ്ങും.

ബിസിനസ്, മാനേജ്മെന്റ്, കംപ്യൂട്ടിങ്, നിയമം, എൻജിനിയറിങ്, ആർട്ട്, ഡിസൈൻ, ബയോ സയൻസസ്, ലൈഫ് സയൻസസ് എന്നിവയിലാണ് കോഴ്സുകൾ ഉണ്ടാവുക. ഇന്ത്യയിൽ നടത്തുന്ന കോഴ്സുകൾക്കും പാഠ്യപദ്ധതികൾക്കും വിദേശത്ത് ലഭിക്കുന്ന അതേനിലവാരവും ഗുണമേന്മയും ഉണ്ടാവും. 

ഇന്ത്യയിൽനിന്നും വിദേശങ്ങളിൽനിന്നുമുള്ള അധ്യാപകരും അക്കാദമിക് വിദഗ്ധരും ഫാക്കൽട്ടി അംഗങ്ങളാകും. ഇവിടെ നൽകുന്ന ബിരുദത്തിന് യു.കെ.യിലെ കാംപസ് നൽകുന്ന സർട്ടിഫിക്കറ്റുകളുടെ തുല്യതയുണ്ടായിരിക്കും.

വ്യാഴാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ യു.കെ.യിലെ യൂണിവേഴ്സിറ്റി ഓഫ് സതാംപ്ടൺ പ്രതിനിധികൾക്ക് ധാരണാപത്രം കൈമാറി. വിദേശസർവകലാശാലകളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് 2023-ൽ യു.ജി.സി. പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിച്ചാണ് കാംപസ് പ്രവർത്തിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*