ഗുജറാത്തില്‍ ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞു; അസ്‌ന ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങി

ഗുജറാത്തില്‍ ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞു. അസ്‌ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നിന്ന് ഒമാന്‍ തീരത്തേക്ക് നീങ്ങി. കച്ച് തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറിയത്. ന്യൂനമര്‍ദ്ദം കനത്ത മഴ പെയ്യിച്ചെങ്കിലും ചുഴലിക്കാറ്റ് ആശങ്ക പതിയെ ഒഴിഞ്ഞു . അറബിക്കടലില്‍ ഒമാന്‍ തീരം ലക്ഷ്യമാക്കിയാണ് അസ്‌ന ചുഴലിക്കാറ്റ് നീങ്ങുന്നത്.

സൗരാഷ്ട്ര കച്ച് മേഖലയില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല. വഡോദരയില്‍ പ്രളയ സമാന സാഹചര്യം മാറിത്തുടങ്ങി. വിശ്വാമിത്രി നദിയില്‍ വെള്ളം 2 അടിയായി കുറഞ്ഞു. സംസ്ഥാന ആഭ്യന്തര മന്ത്രി ഹര്‍ഷ് സാംഗ്വി പ്രളയ ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി.

അതേസമയം മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം 32 ആയി.സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഇരുപതിനായിരത്തോളം പേരാണ് ക്യാമ്പില്‍ കഴിയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*