കൊച്ചി: കുറ്റം തെളിയും വരെ നിരപരാധിയാണെന്ന അനുമാനം പ്രതികളുടെ മൗലികാവകാശമാണെന്ന് ഹൈക്കോടതി. കുറ്റക്കാരനെന്ന് കണ്ടെത്തുന്നതു വരെ നിരപരാധിയായി കണക്കാക്കുന്നത് ഒരു നിയമപരമായ തത്വം മാത്രമല്ല. കുറ്റക്കാരനെന്ന് കണ്ടെത്തുമ്പോള്‍, കുറ്റകൃത്യത്തിന്‍റെ സ്വഭാവം, ഗൗരവം, അതിന്‍റെ വ്യാപ്തി എന്നിവയെല്ലാം ശ്രദ്ധാപൂര്‍വ്വം പരിഗണിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റെ നിരീക്ഷണം. കുറ്റാരോപിതന്‍റെ മേല്‍ തെളിവ് വ്യക്തമായി ചുമത്താത്ത കേസുകളില്‍, അത് പ്രോസിക്യൂഷനില്‍ നിക്ഷിപ്തമാണെന്നും കോടതി നിരീക്ഷിച്ചു. അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ, കുറ്റാരോപിതനില്‍ ചുമത്താനാകൂ. പ്രത്യേക ചട്ടങ്ങള്‍ പ്രകാരം കുറ്റകരമാണെന്ന് അനുമാനിക്കുമ്പോള്‍ പോലും, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21 എന്നിവയില്‍ പ്രതിപാദിച്ചിരിക്കുന്ന ന്യായബോധത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും മാനദണ്ഡങ്ങള്‍ പാലിക്കണം. കേസില്‍ സംശയാതീതമായി പ്രതികളുടെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട കോടതി, പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കുകയും ചെയ്തു.
Be the first to comment