പാരീസിലെ ബുര്‍ഗ്വെ വിമാനത്താവളത്തില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്ത ഫ്രഞ്ച് പോലീസ് നടപടിയെ വിമർശിച്ച് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവ്. അറസ്റ്റ് നടപടി തെറ്റിദ്ധാരണയെ തുടർന്നുണ്ടായതാണെന്നായിരുന്നു ദുറോവിന്റെ പ്രതികരണം. തൻ്റെ സോഷ്യൽ മീഡിയ, മെസേജിംഗ് പ്ലാറ്റ്‌ഫോമിൽ മറ്റുള്ളവർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് താൻ വ്യക്തിപരമായി ഉത്തരവാദിയാകുമെന്ന് അറിയുന്നത് അതിശയകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറസ്റ്റിന് ശേഷമുള്ള പാവൽ ദുറോവിന്റെ ആദ്യ ഔദ്യോഗിക പ്രതികരണം ആണിത്.
ടെലഗ്രാമിൽ ഒരു നീണ്ട പോസ്റ്റ് പങ്കുവെച്ച് കൊണ്ടാണ് ദുറോവ് പ്രതികരണം നടത്തിയത്. തന്നെ അറസ്റ്റ് ചെയ്യുന്നതിന് പകരം ഫ്രഞ്ച് അധികാരികൾ അവരുടെ പരാതികളുമായി തൻ്റെ കമ്പനിയെ സമീപിക്കേണ്ടതായിരുന്നു എന്ന് കുറിപ്പിൽ ദുറോവ് വ്യക്തമാക്കി. “ഒരു രാജ്യത്തിന് ഇൻ്റർനെറ്റ് സേവനത്തിൽ അതൃപ്തിയുണ്ടെങ്കിൽ, സേവനത്തിനെതിരെ തന്നെ നിയമനടപടി ആരംഭിക്കുക എന്നതാണ് സ്ഥാപിത സമ്പ്രദായം. സിഇഒ കൈകാര്യം ചെയ്യുന്ന പ്ലാറ്റ്‌ഫോമിൽ മൂന്നാം കക്ഷികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ പേരിൽ സ്‌മാർട്ട്‌ഫോണിന് മുമ്പുള്ള കാലഘട്ടത്തിലെ നിയമങ്ങൾ ഉപയോഗിക്കുന്നത് തെറ്റായ സമീപനമാണ്,” റഷ്യൻ വംശജനായ ടെക് സംരംഭകൻ കുറിച്ചു.
യൂറോപ്യൻ യൂണിയനിൽ ടെലിഗ്രാമിന് ഒരു ഔദ്യോഗിക പ്രതിനിധിയുണ്ടെന്നും അവർ പൊതുവായി ലഭ്യമായ ഇമെയിൽ വിലാസം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹത്തെ വ്യക്തിപരമായി ബന്ധപ്പെടാൻ ഫ്രഞ്ച് അധികാരികൾക്ക് നിരവധി വഴികൾ ഉണ്ടായിരുന്നുവെന്നും ദുറോവ് കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഫ്രാൻസ് കേസ് കൈകാര്യം ചെയ്യുന്നത് സാങ്കേതികവിദ്യയിലെ നവീകരണത്തെ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
“ബിൽഡിംഗ് ടെക്നോളജി അത് പോലെ തന്നെ ബുദ്ധിമുട്ടാണ്. ഉപകരണങ്ങളുടെ ദുരുപയോഗത്തിന് വ്യക്തിപരമായി ഉത്തരവാദിത്തം വഹിക്കേണ്ടി വരുമെന്ന് അറിയാമായിരുന്നുവെങ്കിൽ ഒരാളും പുതിയ ഉപകരണങ്ങൾ നിർമ്മിക്കില്ല,” പാവെൽ ദുറോവ് ടെലെഗ്രാമിൽ കുറിച്ചു.
ടെലിഗ്രാം ഒരു ‘അരാജകസ്വർഗം’ ആണെന്ന ആരോപണങ്ങൾ തികച്ചും അസത്യമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. “ഞങ്ങൾ ദശലക്ഷക്കണക്കിന് ദോഷകരമായ പോസ്റ്റുകളും ചാനലുകളും ദിവസവും നീക്കംചെയ്യുന്നു. എന്നിട്ടും, ടെലിഗ്രാമിൻ്റെ ശ്രമങ്ങൾ പര്യാപ്തമല്ല എന്ന് വാദിക്കുന്ന ശബ്ദങ്ങൾ ഉണ്ട്,” അദ്ദേഹം എഴുതി. ടെലിഗ്രാമിന്റെ ഉപയോക്താക്കളുടെ എണ്ണം ലോകത്തെമ്പാടും 95 കൂടിയായി ഉയർന്നെന്നും, ഇത് കുറ്റവാളികൾക്ക് പ്ലാറ്റഫോമിനെ ദുരുപയോഗം ചെയ്യാൻ സൗകര്യപ്രദമാക്കിയെന്നും ദുറോവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഫ്രാൻസിന്റെ ആവശ്യങ്ങൾക്ക് ടെലഗ്രാമിൽ നിന്ന് പിന്തുണ ലഭിച്ചിട്ടില്ലെന്ന് ആരോപണവും ദുറോവ് തള്ളിയിട്ടുണ്ട്. ഫ്രാൻസിലെ തീവ്രവാദ ഭീഷണിയെ നേരിടാൻ ടെലിഗ്രാമുമായി ഒരു ഹോട്ട്‌ലൈൻ സ്ഥാപിക്കാൻ ഫ്രഞ്ച് അധികൃതരെ വ്യക്തിപരമായി സഹായിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. “ആഗസ്റ്റിലെ സംഭവങ്ങൾ ടെലിഗ്രാമും സോഷ്യൽ നെറ്റ്‌വർക്കിംഗ് വ്യവസായവും മൊത്തത്തിൽ സുരക്ഷിതവും ശക്തവുമാക്കുന്നതിന് കാരണമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അദ്ദേഹം വ്യക്തമാക്കി.
Be the first to comment