ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ജപ്പാനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘം രണ്ടാം ജയം ആഘോഷിച്ചത്. സുഖ്ജീത് സിം​ഗ് ഇരട്ട ​ഗോളുകൾ നേടി. അഭിഷേക്, സഞ്ജയ് റാണ, ഉത്തം സിം​ഗ് എന്നിവർ ഇന്ത്യയ്ക്കായി ഓരോ ​ഗോളുകൾ നേടി. ജപ്പാന്റെ ആശ്വാസ ​ഗോൾ നേടിയത് മാറ്റ്സുമോട്ടോ കസുമാസയാണ്.

മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ ഇന്ത്യ രണ്ട് ​ഗോളുകൾക്ക് മുന്നിലെത്തി. ആദ്യ മിനിറ്റിൽ സുഖ്ജീത് സിം​ഗും രണ്ടാം മിനിറ്റിൽ അഭിഷേകും ഇന്ത്യയ്ക്കായി ​ഗോളുകൾ നേടി. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഇന്ത്യൻ സംഘം ജപ്പാനുമേൽ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ 17-ാം മിനിറ്റിലാണ് ഇന്ത്യയുടെ മൂന്നാം ​ഗോൾ പിറന്നത്. ഇത്തവണ പെനാൽറ്റി കോർണർ സ‍ഞ്ജയ് റാണ ​ഗോളാക്കി മാറ്റി.

രണ്ടാം പകുതിയിൽ മൂന്നാം ക്വാർട്ടറിലാണ് ജപ്പാൻ ഒരു ​ഗോൾ മടക്കിയത്. മാറ്റ്സുമോട്ടോ ജപ്പാനായി ലക്ഷ്യം കണ്ടു. നാലാം ക്വാർട്ടറിലാണ് ഇന്ത്യയുടെ അവസാന രണ്ട് ​ഗോളുകൾ പിറന്നത്. ഉത്തം സിം​ഗ് ഇന്ത്യയ്ക്കായി നാലാം ​ഗോൾ നേടി. മത്സരം അവസാനിക്കാൻ ഏതാനും നിമിഷങ്ങൾ ബാക്കി നിൽക്കെ സുഖ്ജീത് ​സിം​ഗ് ജപ്പാനുമേൽ അ‍ഞ്ചാമത്തെ ​ഗോളും നേടി ഇന്ത്യയുടെ ജയം ഉറപ്പുവരുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*