ലൈംഗികാതിക്രമണ കേസില്‍ നടനും എംഎൽഎയുമായ മുകേഷ് ഉൾപ്പടെയുള്ളവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി. മുൻകൂർ ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ, ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് പരാതിക്കാരി അറിയിച്ചു.
മുകേഷ് എംഎൽഎയുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിക്കില്ലന്ന സൂചനകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തമായി അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കാൻ പരാതിക്കാരി തീരുമാനിച്ചത്. താൻ പരാതി ഉന്നയിച്ച ഏഴു പേർക്കെതിരെയാണ് കോടതിയെ സമീപിക്കുന്നതെന്നും അവർ വ്യക്തമാക്കി.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കഴിഞ്ഞ ദിവസം പ്രതികൾക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
മുകേഷിന് പുറമെ ഇടവേള ബാബുവിനും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണം, രാജ്യം വിടരുത്, അന്വേഷണത്തിൽ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുത് തുടങ്ങിയ ഉപാധികളാണ് കോടതി നിർദ്ദേശിച്ചത്.
കോണ്‍ഗ്രസ് നേതാവ് അഡ്വക്കറ്റ് വി.എസ് ചന്ദ്രശേഖരൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റിയിരുന്നു. ചന്ദ്രശേഖരനെതിരെ പുതിയൊരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌ത സാഹചര്യത്തിലായിരുന്നു ഇത്. പരാതി പിൻവലിക്കാൻ പീഡന കേസ് നൽകിയ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി എന്നാണ് പുതിയ കേസ്. നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്.
മുകേഷിൻ്റെയും ഇടവേള ബാബുവിൻ്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രണ്ട് ദിവസം വിശദമായി രഹസ്യ വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. പ്രതികൾ സമർപ്പിച്ച സാങ്കേതികമായ തെളിവുകൾ ഉൾപ്പടെ കോടതി പരിശോധിച്ചിരുന്നു. പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും കോടതി പരിശോധിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ ഉൾപ്പടെ പരിഗണിച്ചാണ് കോടതി വിധി പ്രഖ്യാപിച്ചത്. അനേഷ്വണവുമായി സഹകരിക്കാമെന്ന് മുകേഷ് കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരി ബ്ലാക്ക്‌മെയില്‍ ലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ മുകേഷ് ആരോപിച്ചിരുന്നു.
പരാതിക്കാരി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിനായി വാട്‌സ് ആപ് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയെന്നും മുകേഷ് കോടതിയെ അറിയിച്ചിരുന്നു.മുകേഷിനെ കൂടാതെ പ്രതികളായ കോണ്‍ഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരനും ഇടവേള ബാബുവും തന്‍റെ വാദങ്ങള്‍ കോടതിയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിര്‍ക്കുകയും, മൂവര്‍ക്കുമെതിരെ ചുമത്തിയ ബലാത്സംഗ കുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്നായിരുന്നു പരാതിക്കാരി ഉൾപ്പടെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തുടർ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നിയമ നടപടിയുമായി മുന്നോട്ട് പോകാൻ പരാതിക്കാരി തീരുമാനിച്ചത്.
Be the first to comment