ഭക്ഷണത്തിന്‍റെ രുചി കൂട്ടുന്ന പ്രധാന ചേരുവയാണ് ഉപ്പ്. ഉപ്പിന്‍റെ അമിത ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദ്രോഗ സാധ്യതയ്ക്കും കാരണമാകുമെന്നതിനാല്‍ പലരും ഉപ്പിന്‍റെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കാറുണ്ട്. എന്ന് കരുതി ഉപ്പ് പൂര്‍ണമായും ഒഴിവാക്കുന്നതും ആരോഗ്യത്തിന് അത്ര നല്ലതല്ല.
ശരീരത്തിലെ പ്ലാസ്‌മ സാന്ദ്രത, ആസിഡ്-ബേസ് സന്തുലനം, നാഡീവ്യൂഹത്തിലെ ഇംപള്‍സുകളുടെ കൈമാറ്റം, കോശങ്ങളുടെ സാധാരണ പ്രവര്‍ത്തനം എന്നിവയെല്ലാം ഉറപ്പാക്കുന്നതിന് സോഡിയം അവശ്യമാണ്. സോഡിയം പ്രധാനമായും ഉപ്പില്‍ നിന്നാണ് ശരീരത്തിന് ലഭ്യമാകുന്നത്. കൂടാതെ ശരീരത്തില്‍ സോഡിയത്തിന്‍റെ അളവു കുറയുന്നത് ഹൈപോനാട്രീമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.
രക്തത്തില്‍ 135 മില്ലി ഇക്വിവലന്റ്‌സ് പെര്‍ ലീറ്ററിലും താഴെ സോഡിയത്തിന്റെ അളവു വരുമ്പോഴാണ് ഹൈപോനാട്രീമിയ എന്ന അവസ്ഥ ഉണ്ടാകുന്നത്. പേശിവേദന, ദുര്‍ബലത, ഓക്കാനം, ഛര്‍ദ്ദി, ഊര്‍ജ്ജമില്ലായ്‌മ, തലവേദന, തലകറക്കം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം. കൂടാതെ 120 മില്ലി ഇക്വിവലന്റ്‌സ് പെര്‍ ലീറ്ററിലും താഴെ സോഡിയം എത്തിയാല്‍ ചുഴലി, കോമ, തലച്ചോറിന് ക്ഷതം പോലുള്ള അവസ്ഥയിലേക്ക് നീങ്ങാം. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം മുതിര്‍ന്നവര്‍ പ്രതിദിനം 2000 മില്ലിഗ്രാം വരെ ഉപ്പാണ് കഴിക്കേണ്ടത്.
Be the first to comment