എറണാകുളം: വാഹനങ്ങളുടെ ഗ്ലാസുകളിൽ സൺഫിലിം ഒട്ടിക്കുന്നതിൽ ഇളവുമായി ഹൈക്കോടതി. അനുവദനീയമായ രീതിയിൽ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങൾക്ക് പിഴ ഈടാക്കാനാവില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. സണ്‍ ഫിലിം നിര്‍മിക്കുന്ന കമ്പനിയും പിഴ ഈടാക്കാനുള്ള നടപടിക്ക് വിധേയരായ വാഹന ഉടമയും മറ്റും സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. പിഴയീടാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവ് ഇറക്കിയത്.
മുന്നിലും പിന്നിലുമുള്ള ഗ്ലാസുകളില്‍ 70 ശതമാനത്തില്‍ കുറയാത്ത സുതാര്യതയുള്ള ഫിലിം ഒട്ടിക്കാം. വശങ്ങളിലെ ഗ്ലാസുകളില്‍ 50 ശതമാനത്തില്‍ കുറയാത്ത സുതാര്യതയുള്ള ഫിലിം ഒട്ടിക്കാം. ഇത്തരം വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് പറഞ്ഞു.
2021 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ വകുപ്പ് 100ന്റെ ഭേദഗതി അനുസരിച്ച് മോട്ടോര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകള്‍ക്ക് പകരം സേഫ്റ്റി ഗ്ലേസിങ് കൂടി ഉപയോഗിക്കാന്‍ അനുവാദമുണ്ട്.
മുന്‍ ഭാഗങ്ങളില്‍ 70 ശതമാനവും വശങ്ങളില് 50 ശതമാനവും സുതാര്യത വേണമെന്നാണ് ഭേദഗതി ചട്ടങ്ങള്‍ പറയുന്നത്. ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
Be the first to comment