പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കാന്‍ സിപിഎം ; പിബി യോഗം ഇന്ന്

തിരുവനന്തപുരം : അന്തരിച്ച സീതാറാം യെച്ചൂരിയുടെ പിന്‍ഗാമിയായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്കു നല്‍കണം എന്നതില്‍ ഇന്നു ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം പ്രാഥമിക ധാരണയില്‍ എത്തിയേക്കും. സീതാറാം യെച്ചൂരിയുടെ ഭൗതിക ദേഹം എയിംസിനു പഠനത്തിനായി കൈമാറിയതിനു ശേഷം ഇന്ന് പാര്‍ട്ടി പിബി യോഗംചേരുന്നുണ്ട്. പിബിയുടെ ശുപാര്‍ശ കൂടി പരിഗണിച്ച് 27ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

അടുത്ത ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചേരാനിരിക്കെ ജനറല്‍ സെക്രട്ടറിയായി ഏതെങ്കിലും മുതിര്‍ന്ന നേതാവിനു ചുമതല നല്‍കാനാണ് സാധ്യത. പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം മുന്നില്‍ നില്‍ക്കുന്നതുകൊണ്ട്, മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് കാരാട്ടിനെ താത്കാലിക ചുമതല ഏല്‍പ്പിക്കുന്നതു പരിഗണനയിലുണ്ടെന്ന്, സിപിഎം . ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ വനിതാ നേതാവ് എന്നതു പരിഗണിച്ച് ബൃന്ദ കാരാട്ടിനു ചുമതല നല്‍കണമെന്ന വാദവും പ്രബലമാണ്. 

അതല്ല, മുഴുവന്‍ സമയ ജനറല്‍ സെക്രട്ടറിയെ നിയോഗിക്കാനാണ് പാര്‍ട്ടി തീരുമാനിക്കുന്നതെങ്കില്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എംഎ ബേബിക്കും ആന്ധ്രയില്‍ നിന്നുള്ള ബിവി രാഘവലുവിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഴുപത്തിയഞ്ചു വയസ്സിനു മുകളിലുള്ളവര്‍ പിബിയില്‍ വേണ്ടെന്നാണ് നിലവില്‍ പാര്‍ട്ടി പിന്തുടരുന്ന മാനദണ്ഡം. അതുകൊണ്ട് മുഴുവന്‍ സമയ ജനറല്‍ സെക്രട്ടറിയെ നിയോഗിക്കുകയാണെങ്കില്‍ ബൃന്ദ പരിഗണിക്കപ്പെട്ടേക്കില്ല. മാനദണ്ഡം കര്‍ശനമായി പാലിച്ചാല്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസോടെ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, സൂര്യകാന്ത മിശ്ര, സുഭാഷിണി അലി എന്നിവര്‍ പിബിയില്‍ നിന്നു പുറത്താവും. 

അതേസമയം ഏതെങ്കിലും നേതാവിന് ഇളവു വേണമോയെന്നും പാര്‍ട്ടി കോണ്‍ഗ്രസിനു തീരുമാനിക്കാം. രാഘവുലുവിനും ബേബിക്കുമൊപ്പം ബംഗാളില്‍നിന്നുള്ള നീലോത്പല്‍ ബസുവും ജനറല്‍ സെക്രട്ടറി പദത്തിലേക്കു പരിഗണിക്കപ്പെട്ടേക്കാം. സഖ്യകക്ഷി രാഷ്ട്രീയത്തിനു ദേശീയ തലത്തില്‍ പ്രധാന്യമേറുന്നതു കണക്കിലെടുത്ത്, ബിജെപി ഇതര കക്ഷികളിലെ നേതാക്കളുമായുള്ള ബന്ധം പുതിയ ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണായ ഘടകമാണെന്നാണ് പാര്‍ട്ടി കരുതുന്നത്. 

ഇത് രാഘവുലുവിന് സാധ്യത കൂട്ടുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി ഭരണത്തിലുള്ള ഏക സംസ്ഥാനം എന്ന നിലയില്‍ കേരള ഘടകത്തിന്റെ നിലപാട് ഇക്കാര്യത്തില്‍ പ്രധാനമാണ്. പിണറായി വിജയന്‍ പിന്തണയ്ക്കുന്ന പക്ഷം ബേബി ജനറല്‍ സെക്രട്ടറിയാവാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ബേബിയെ തഴഞ്ഞ് ജൂനിയറായ എ വിജയരാഘവനു പിന്നില്‍ കേരള ഘടകം അണി നിരക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*