ഉത്രാട ദിനാഘോഷം; ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്‌ചക്കുല സമർപ്പണം

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട ദിനത്തില്‍ കാഴ്‌ചക്കുല സമർപ്പണം നടന്നു. രാവിലെ ശീവേലി കഴിഞ്ഞ് കൊടി മരത്തിന് സമീപം അരിമാവ് കൊണ്ടണിഞ്ഞ് നാക്കിലവച്ച്‌ അതിന് മുകളിൽ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി ആദ്യത്തെ നേന്ത്രക്കുല ഭഗവാന് സമർപ്പിച്ചു. തുടർന്ന് ശാന്തിയേറ്റ 2 കീഴ്‌ശാന്തിക്കാർ, ദേവസ്വം ചെയർമാൻ, ഭരണ സമിതി അംഗങ്ങൾ, പ്രമുഖ വ്യക്തികൾ എന്നിവർ കാഴ്‌ചക്കുല സമർപ്പണം നടത്തി. രാത്രി നട അടയ്ക്കുന്നത് വരെ നേന്ത്രക്കുലകളുമായി ഭക്തർ സമർപ്പണത്തിനെത്തും. കാഴ്‌ചക്കുല സമർപ്പണം തിരക്കില്ലാതെ നടത്തുന്നതിന് ദേവസ്വം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉത്രാട നാളിൽ സമർപ്പിക്കുന്ന നേന്ത്രപ്പഴത്തിൽ ഒരു ഭാഗം തിരുവോണ സദ്യയുടെ പഴപ്രഥമന് മാറ്റിവയ്‌ക്കും. ഒരു ഭാഗം ആനകൾക്ക് നൽകും. ക്ഷേത്രക്കുളത്തിന് കിഴക്ക് ഭാഗത്ത് നടത്തിയ ആനയൂട്ടിൽ ദേവസ്വത്തിലെ 14 ആനകൾ പങ്കെടുത്തു.

കാഴ്‌ചക്കുല സമര്‍പ്പണം: ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവരാണ് പണ്ട് കാഴ്‌ചക്കുലകൾ സമർപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യ കാലങ്ങളിൽ ഇവ പാട്ടക്കുലകൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീടിത് ഭക്തരുടെ കാഴ്‌ച്ചക്കുല സമർപ്പണമായി മാറി. കാഴ്‌ചക്കുല സമര്‍പ്പണത്തില്‍ നിന്നും ലഭിക്കുന്ന പഴക്കുലകള്‍ തിരുവോണ സദ്യയുടെ ഭാഗമായി ഒരുക്കുന്ന പഴ പ്രഥമനും പഴം നുറുക്കും ഉണ്ടാക്കാന്‍ ഉപയോഗിക്കുകയാണ് പതിവ്. ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകള്‍ക്കും ഈ പഴക്കുലകള്‍ ലഭിക്കും.

തിരുവോണ ദിനത്തില്‍ ഗുരുവായൂർ ക്ഷേത്രത്തിൽ പതിനായിരം ഭക്തർക്ക് പ്രസാദം ഊട്ട് നൽകും. കാളനും ഓലനും പച്ചക്കൂട്ടും കായ വറവും മോരും പപ്പടത്തിനുമൊപ്പം ഈ പഴം പ്രഥമനും ഉണ്ടാകും. കാലത്ത് 10 മണിക്കാണ് പ്രസാദ ഊട്ട് ആരംഭിക്കുക. ക്ഷേത്രം അന്ന ലക്ഷ്‌മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലുമാണ് പ്രസാദ ഊട്ട് നൽകുക. അന്ന ലക്ഷ്‌മി ഹാളിലേക്കുള്ള പൊതുവരി രാവിലെ 9ന് തുടങ്ങും. ഉച്ചയ്ക്ക് 2 മണിക്ക് പൊതുവരി അവസാനിപ്പിക്കും.

ഓണപ്പുടവ സമർപ്പണം: തിരുവോണ ദിനത്തിന്‍റെ പുലർച്ചെ മുതലാണ് ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം നടക്കുക. ക്ഷേത്ര ഊരാളന്‍മാരാണ് ഗുരുവായൂരപ്പന് ആദ്യം ഓണപ്പുടവ സമർപ്പിക്കുക. തുടർന്ന് ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളും ഓണപ്പുടവ സമർപ്പിക്കും. പുലര്‍ച്ചെ നാലര മണി മുതൽ ഉഷഃപൂജ വരെ ഭക്തർക്ക് ഓണപ്പുടവ സമർപ്പിക്കാം.

 

Be the first to comment

Leave a Reply

Your email address will not be published.


*