ഓണക്കാലത്തും കടുത്ത അവഗണന തുടർന്ന്‌ റെയിൽവേ; കാലുകുത്താൻ ഇടമില്ലാതെ ട്രെയിനുകൾ

കോട്ടയം: ഓണക്കാലത്തും കടുത്ത അവഗണന തുടർന്ന്‌ റെയിൽവേ. യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന ഓണക്കാലത്ത്‌ പോലും വേണ്ടത്ര സർവീസുകൾ നടത്താൻ റെയിൽവേ തയ്യാറായില്ല. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം ഉൾപ്പെടെയുള്ള സ്‌റ്റേഷനുകളിൽനിന്ന്‌ യാത്ര പുറപ്പെട്ടവർക്ക്‌ നരകയാത്രയാണ്‌ റെയിൽവേ ഓണസമ്മാനമായി നൽകിയത്‌. 

മലബാർ ഭാഗത്തേക്കുള്ള യാത്രക്കാരാണ്‌ കൂടുതൽ വലഞ്ഞത്‌. സ്ഥിരം ട്രെയിനുകൾക്ക്‌ പുറമേ ഫെസ്‌റ്റിവൽ സ്‌പെഷ്യൽ ട്രെയിനുകൾ കോട്ടയം വഴി അനുവദിച്ചെങ്കിലും എല്ലാം പാലക്കാട്‌ വഴി സർവീസ്‌ നടത്തുന്നവയാണ്‌. തിരക്ക്‌ വർധിച്ചതോടെ സ്ഥിരം വണ്ടികളിൽ കാലുകുത്താൻ ഇടമില്ലാതെ കോഴിക്കോട്‌ ഭാഗത്തേക്കുള്ള യാത്രക്കാർ പെരുവഴിയിലായി. നിരവധി വിദ്യാർഥികൾ ഉൾപ്പെടെ ധാരാളം യാത്രക്കാരാണ്‌ കോട്ടയത്തു നിന്നും ഓണമാഘോഷിക്കാൻ മലബാറിലേക്കും മറ്റും പോകാനിരുന്നത്‌. വെള്ളി രാത്രി പുറപ്പെട്ട മലബാർ, മംഗളൂരു എക്‌സ്‌പ്രസുകളിലും ഹസ്രത്ത്‌ നിസാമുദീൻ വീക്കിലി സൂപ്പർഫാസ്‌റ്റിലും വാതിൽ വരെ തൂങ്ങിപിടിച്ചാണ്‌ പലരും യാത്ര ചെയ്‌തത്‌. നിലത്തും ശുചിമുറിയുടെ ഉള്ളിൽ പോലുമിരുന്ന്‌ യാത്രചെയ്യേണ്ട ഗതികേട്‌ പലർക്കും ഉണ്ടായി. ഇതിനു പുറമേ പലയിടങ്ങളിലും അനന്തമായി ട്രെയിനുകൾ പിടിച്ചിട്ടതോടെ യാത്രക്കാർ ശ്വാസംകിട്ടാതെ വലഞ്ഞു.

വെള്ളി രാത്രി കോട്ടയത്ത്‌ നിറഞ്ഞ്‌ കവിഞ്ഞെത്തിയ മംഗളൂരു എക്‌സ്‌പ്രസിൽ വാതിലിൽ തൂങ്ങിപിടിച്ച്‌ യാത്രചെയ്‌തവരെ റെയിൽവേ പൊലീസ്‌ ബലം പ്രയോഗിച്ച്‌ പുറത്തിറക്കുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തേക്കും സ്ഥിരം ട്രെയിനുകൾ മാത്രമേ സർവീസ്‌ നടത്തിയുള്ളൂ. സ്‌പെഷ്യൽ മെമു പോലും ഈ ഭാഗത്തേക്ക്‌ ഓടിയില്ല. ടിക്കറ്റ്‌ റിസർവേഷനിൽ സീറ്റുകൾ കുറച്ച്‌ കാണിച്ച്‌ അവ ഭീമമായ തുകയ്‌ക്ക്‌ തൽകാലിൽ വിറ്റ്‌ റെയിൽവേ കൊള്ളലാഭം കൊയ്‌തതായും യാത്രക്കാർ പരാതിപ്പെട്ടു. കോഴിക്കോട്‌, എറണാകുളം, തൃശൂർ, പാലക്കാട്‌, തിരുവനന്തപുരം ഭാഗങ്ങളിലേക്ക്‌ കോട്ടയം കേന്ദ്രീകരിച്ച്‌ കെഎസ്‌ആർടിസി നടത്തിയ അധികസർവീസുകളാണ്‌ പലർക്കും ആശ്വാസമായത്‌. ട്രെയിനുകൾ ഇല്ലാതായതോടെ പുലർച്ചെ മൂന്നു വരെ കെഎസ്‌ആർടിസി കോട്ടയത്തുനിന്നും അധിക സർവീസുകൾ നടത്തി. മികച്ച വരുമാനം ഉണ്ടായിട്ടും ഓണക്കാലത്തു പോലും കടുത്ത അവഗണന കാണിച്ച റെയിൽവേയുടെ നടപടിയിൽ കനത്ത പ്രതിഷേധമാണ്‌ ഉയരുന്നത്‌.

Be the first to comment

Leave a Reply

Your email address will not be published.


*