അടിസ്ഥാന രഹിതമായ ബദല്‍ കഥകള്‍ മെനയുന്നു, കേസ് അട്ടിമറിക്കുക ലക്ഷ്യം; ദിലീപിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസില്‍ അടിസ്ഥാന രഹിതമായ ബദല്‍ കഥകള്‍ മെനയാന്‍ നടനും കേസിലെ പ്രതിയുമായ ദിലീപ് ശ്രമിക്കുന്നതായി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചു. വിചാരണ കോടതിയില്‍ പ്രോസിക്യുഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേരളം ആരോപിച്ചു.

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ദിലീപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ദിലീപ് ശ്രമിക്കുന്നുവെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ ആറ് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു എന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വിചാരണ സമയത്ത് മിക്ക പ്രതികളും സ്ഥിരമായി ഹാജരാകാറില്ല. ഇവരുടെ അവധി അപേക്ഷ കോടതിയില്‍ ഫയല്‍ ചെയ്യുന്നത് ദിലീപിന്റെ അഭിഭാഷകരാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചാല്‍ പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ഏഴ് മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകന്‍ വിസ്തരിച്ചതായി കേരളം ചൂണ്ടിക്കാട്ടി. കേസിലെ അതിജീവിതയെ ഏഴ് ദിവസമാണ് ദിലീപിന്റെ അഭിഭാഷകര്‍ വിസ്തരിച്ചതെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ മുപ്പത്തി അഞ്ചര ദിവസവും സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധനായ ഡോ. സുനില്‍ എസ് പിയെ 21 ദിവസവും സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധ ദീപ എ എസിനെ 13 ദിവസവും ദിലീപിന്റെ അഭിഭാഷകര്‍ വിസ്തരിച്ചു.

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചാല്‍ വിചാരണ നടപടികള്‍ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. വിചാരണ അട്ടിമറിക്കുന്നതിനായി ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് അതിജീവിതയുടെ സ്വകാര്യതയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ട്. ജാമ്യത്തിലിറങ്ങിയാല്‍ പള്‍സര്‍ സുനി സംസ്ഥാനത്തു നിന്നും മുങ്ങാന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളണമെന്നും കേരളം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*