സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നൃത്തസംവിധായകൻ ഷെയ്ക് ജാനി ബാഷ എന്ന ജാനി മാസ്റ്ററിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജാനി മാസ്റ്ററിനൊപ്പം സിനിമാ സെറ്റുകളിൽ കൊറിയോഗ്രാഫിയിൽ സഹായിയായി പ്രവർത്തിച്ചുവരികയായിരുന്നു 21കാരിയായ യുവതി. ഔട്ട്ഡോർ ഷൂട്ടിങ്ങിനിടെ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഒന്നിലേറെ തവണ ഇത് തുടർന്നുവെന്നുമാണ് യുവതിയുടെ മൊഴി.
ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഉൾപ്പെടെ വിവിധ നഗരങ്ങളിലെ ഷൂട്ടിങ്ങിനിടെ ഇയാൾ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരി പറയുന്നു. നർസിംഗിലെ തൻ്റെ വസതിയിൽ വെച്ച് തന്നെ പലതവണ ഉപദ്രവിച്ചതായും മൊഴിയിലുണ്ട്. യുവതി നാർസിംഗിൽ താമസിക്കുന്നതിനാൽ, കേസ് അവിടത്തെ പോലീസിന് കൈമാറിയെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം, ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം തടയൽ നിയമപ്രകാരം ആഭ്യന്തര അന്വേഷണം നടത്താനും പോലീസിൽ കേസെടുക്കാനും തെലങ്കാനയിലെ വനിതാ സുരക്ഷാ വിഭാഗം ഡയറക്ടർ ജനറൽ ശിഖ ഗോയൽ സിനിമാ സംഘടനകളോട് നിർദ്ദേശിച്ചു. ജെയ്ലറിലെ കാവാല, മാരി 2വിലെ റൗഡി ബേബി, സ്ത്രീ 2 ലെ ആയ് നായ് തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നൃത്തസംവിധായകനാണ് ജാനി മാസ്റ്റർ.
Be the first to comment