ഐഒഎസ് 18: ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം? പുതിയ സവിശേഷതകളും അറിയാം

ടെക് ഭീമനായ ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 18 പുറത്തിറക്കിയിരിക്കുകയാണ്. ഐഫോണിന്റെ മുഖം അടിമുടി മാറ്റാൻ പുതിയ ഐഒഎസിലൂടെ കഴിയും. കണ്‍ട്രോള്‍ സെന്ററിലുള്‍പ്പെടെ മാറ്റങ്ങളുണ്ടാകും. ഇന്ത്യയില്‍ ഇന്ന് രാത്രി പത്തരയോടെയായിരിക്കും ലോഞ്ച് ചെയ്യുക.

എല്ലാ ഐഫോണുകളിലും ഐഒഎസ് 18 ലഭ്യമാകില്ല. ഐഫോണ്‍ 11 മുതല്‍ 16 വരെയുള്ള സീരീസുകളിലും ഐഫോണ്‍ എക്‌സ് എസ്, എക്‌സ് എസ് മാക്സ്, എക്‌സ് ആർ, എസ്ഇ എന്നീ മോഡലുകളില്‍ മാത്രമായിരിക്കും അപ്ഡേറ്റ് ലഭിക്കുക. പുതിയ ഐഒഎസ് ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുൻപ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

പുതിയ ഒഎസിന് സ്റ്റോറേജിന്റെ ഒരുവലിയ ഭാഗം തന്നെ ആവശ്യമായി വന്നേക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ സ്റ്റോറേജ് കണ്ടെത്തുക. ഉപയോഗത്തിലില്ലാത്ത ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യുക.

ഒരുപാട് സ്റ്റോറേജ് ആവശ്യമായിട്ടുള്ള ആപ്ലിക്കേഷനുകളാണ് ഇൻസ്റ്റഗ്രാമും വാട്‌സ്ആപ്പും. അതിനാല്‍, ഐഒഎസ് 18 ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുൻപ് ഇവ രണ്ടും ഡിലീറ്റ് ചെയ്യുക. ഒഎസ് ഇൻസ്റ്റാള്‍ ചെയ്തു കഴിഞ്ഞ് വീണ്ടും ആപ്ലിക്കേഷനുകള്‍ റിഇൻസ്റ്റാള്‍ ചെയ്യാവുന്നതാണ്.

നിങ്ങളുടെ ഡിവൈസ് ബാക്കപ്പ് ചെയ്യുക. ഫോണിലുള്ള ഡാറ്റ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പാക്കുക. ഇതിനായി ഐ ക്ലൗഡ് ഉപയോഗിക്കാവുന്നതാണ്. അപ്ഡേഷൻ നടത്തുന്നതിന് മുൻപ് ഫോണ്‍ ചാർജ് ചെയ്യുക. ഡൗണ്‍ലോഡ് ആരംഭിക്കുന്നതിന് മുൻപ് മികച്ച കണക്ടിവിറ്റിയുള്ള വൈഫൈയുമായി ഫോണ്‍ കണക്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

ഐഒഎസ് 18നും പുതിയ സവിശേഷതകളും

ഹോം സ്ക്രീൻ ലെഔട്ട് കസ്റ്റമൈസ് ചെയ്യാനാകും. ആപ്ലിക്കേഷനുകളും വിഡ്ജെറ്റും ഹോം സ്ക്രീനില്‍ എവിടെ വേണമെങ്കിലും ക്രമീകരിക്കാനാകും. പുതിയ കണ്‍ട്രോള്‍ സെന്ററാണ് മറ്റൊരു സവിശേഷത. ഇവിടെയും കസ്റ്റമൈസേഷൻ സാധ്യമാണ്.

ഫോട്ടോ ആപ്ലിക്കേഷനിലാണ് വലിയൊരു മാറ്റം. പുതിയ ഇന്റർഫേസാണ് പ്രധാന ആകർഷണം. ക്ലീൻ അപ്പ് ടൂള്‍ ഉപയോഗിച്ച് അനാവശ്യമായവ ഒഴിവാക്കാനും സാധിക്കും.

സഫാരിയിലും മാപിലുമുണ്ട് സവിശേഷതകള്‍. അനാവശ്യ ഉള്ളടക്കം ഒഴിവാക്കുന്നതിനായി ഡിസ്ട്രാക്ഷൻ കണ്‍ട്രോള്‍ എന്ന സംവിധാനമുണ്ടാകും. മാപില്‍ ഭൂപ്രകൃതിയും ഹൈക്കിങ് പാതകളും ഓഫ്‌ലൈൻ പിന്തുണയുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*