സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതര്‍, തിരുവാലിയില്‍ ഇന്നും ആരോഗ്യ സര്‍വേ; നിയന്ത്രണം തുടരും

മലപ്പുറം: രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ ഇന്നും ആരോഗ്യ വകുപ്പ് സര്‍വേ തുടരും. ഇന്നലെ നടത്തിയ സര്‍വേയില്‍ സമ്പര്‍ക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. മരിച്ച വിദ്യാര്‍ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് കിട്ടുന്ന വിവരങ്ങള്‍ കൂടി വരുന്നതോടെ സമ്പര്‍ക്ക പട്ടിക ഉയര്‍ന്നേക്കും. മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്‌മെന്റ് സോണായ വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്.

നിപ സ്ഥിരീകരിച്ച മലപ്പുറം ജില്ലയില്‍ 175 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതായാണ് ഇന്നലെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. പുതുക്കിയ പട്ടികയിലാണ് 175 പേര്‍. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. 49 പേര്‍ സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയിലുമുണ്ട്.

പ്രാഥമിക പട്ടികയിലെ 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്ക പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. ഇതിന്റെ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പ് പുറത്തിറക്കിയ യുവാവിന്റെ റൂട്ട് മാപ്പ് അനുസരിച്ച് ഈ മാസം 6-ാം തീയതി 11.30 മുതല്‍ 12 വരെ യുവാവ് ഫാസില്‍ ക്ലിനിക്കിലായിരുന്നു. ഇതേ ദിവസം തന്നെ വൈകീട്ട് 7.30 മുതല്‍ 7.45 വരെ ബാബു പാരമ്പര്യ ക്ലിനിക്കില്‍ ചികിത്സ തേടിയതായും കണ്ടെത്തി. അന്ന് രാത്രി 8.18 മുതല്‍ 10.30 വരെ യുവാവ് ജെഎംസി ക്ലിനിക്കിലും ചെലവഴിച്ചു.

ഏഴാം തീയതി 9.20 മുതല്‍ 9.30 വരെ നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ചെലവഴിച്ച യുവാവ് വണ്ടൂര്‍ നിംസ്, പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും സന്ദര്‍ശിച്ചതായും റൂട്ട് മാപ്പ് വ്യക്തമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*