20 മണിക്കൂര്‍ നീണ്ട പരിശ്രമം ഫലം കണ്ടു; സമാന്തരമായി കുഴിയെടുത്ത് രണ്ടു വയസുകാരിയെ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരിയെ 20 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് കുഴിയില്‍ വീണ നീരു ഗുര്‍ജറിനെ രാത്രി മുഴുവന്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാന്തരമായി മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയുടെ അരികില്‍ എത്തിയത്.

ദൗസ ജില്ലയിലെ ബാന്‍ഡികുയി മേഖലയില്‍ ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. കുഴല്‍ക്കിണറില്‍ വീണ കുട്ടി 26 അടി താഴ്ചയില്‍ കുടുങ്ങുകയായിരുന്നു. 31 അടി താഴ്ചയുള്ള കുഴല്‍ക്കിണറിന് സമീപം മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിക്ക് അരികില്‍ എത്തിയത്. തുടര്‍ന്ന് 20 അടി നീളമുള്ള പൈപ്പ് കടത്തിവിട്ടാണ് കുട്ടിയെ പുറത്തെത്തിച്ചതെന്നും അധികൃതര്‍ പറയുന്നു. രക്ഷാദൗത്യത്തിനിടെ കുട്ടിയുടെ അമ്മ മൈക്കിലൂടെ മകളോട് സംസാരിച്ചു.

പുലര്‍ച്ചെ രണ്ട് മണി വരെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ടീമുകള്‍ ഇരുമ്പു വടി ഉപയോഗിച്ച് പെണ്‍കുട്ടിയെ കുഴിയില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് സമാന്തരമായി മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയുടെ അരികില്‍ എത്തിയത്. കുട്ടി കുഴിയില്‍ കുടുങ്ങി കിടന്ന സമയത്ത് ഓക്സിജന്‍ ലഭ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാദൗത്യം വിജയിച്ചപ്പോള്‍ കുടുംബവും അവിടെ കൂടിയിരുന്നവരും ആഹ്ലാദ പ്രകടനം നടത്തി.

Be the first to comment

Leave a Reply

Your email address will not be published.


*