കേരള പോലീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. തൃശ്ശൂർ പൂരം കലക്കിയത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച അന്വേഷണം പോലീസ് അട്ടിമറിച്ചു. പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ ദേവസ്വങ്ങളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു എന്നാൽ അങ്ങനെ ഒരു അന്വേഷണം നടന്നതായി അറിവില്ലെന്ന വാർത്തകളാണ് പൊലീസ് ഹെഡ് കോർട്ടേഴ്സിൽ നിന്ന് പുറത്തുവരുന്നതെന്നും വിഎസ് സുനിൽകുമാർ വിമർശിച്ചു.
ദേവസ്വങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റിപ്പോർട്ട് മറച്ചുവെക്കുകയാണ് പോലീസ് ഇപ്പോൾ ചെയ്യുന്നത്. അന്വേഷണം നടന്നിട്ടില്ലെങ്കിൽ എന്തിനാണ് മൊഴി രേഖപ്പെടുത്തിയത്? റിപ്പോർട്ട് തയ്യാറാക്കിയ ശേഷം ആർക്കോ വേണ്ടി അത് മറച്ചുവയ്ക്കുകയാണ് പോലീസ്. വിഷയത്തിൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ പ്രകാരം അപേക്ഷ നൽകുമെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു.
അതേസമയം, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സുനിൽകുമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അന്നുണ്ടായ സംഭവങ്ങളിൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ട്, അനിഷ്ട സംഭവങ്ങളുടെ പിന്നിൽ അന്നത്തെ കമ്മീഷണർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നും വിഎസ് സുനിൽകുമാർ വ്യക്തമാക്കിയിരുന്നു.
പൂരം കലക്കിയത് യാദൃച്ഛികമാണെന്ന് പറയാന്‍ കഴിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ നിര്‍ത്തിവെക്കുന്നതില്‍ പോലീസുമാത്രമല്ല, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ചില ആളുകളും ഉള്‍പ്പെട്ടിട്ടുണ്ട്. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണ്, എങ്ങനെ അലങ്കോലപ്പെട്ടു, സാഹചര്യമെന്താണ്, ഗൂഢാലോചനയെന്താണ് തുടങ്ങിയ കാര്യങ്ങൾ പുറത്തുവരണം. പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് അതിനുപിന്നിലുള്ളത്. ഇന്നല്ലെങ്കില്‍ നാളെ അക്കാര്യം പുറത്തുവരുമെന്നും സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.
Be the first to comment