‘അൻവറിന്‍റെ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു, പോലീസിന് നിര്‍ഭയത്തോട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കും’:മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണഗതിയില്‍ ഒരു പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച് നടപടിയെടുക്കുകയെന്നതാണ് എപ്പോഴും സ്വീകരിക്കുന്ന നിലപാട്. ഇവിടെ അന്‍വര്‍ പരാതി നല്‍കി. അതിന് മുമ്പ് അദ്ദേഹം പരസ്യമായി ചാനലുകളില്‍ ദിവസങ്ങളോളം അതേപ്പറ്റി പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം ഉയര്‍ത്തിയ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പിവി അൻവറിന്‍റെ പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. അതിന്‍റെ ഭാഗമായി ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഒരു മുന്‍വിധിയോടെയും ഇക്കാര്യത്തെ സമീപിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം അന്വേഷണവിധേയമായി നേരത്തെ എസ്‌പിയെ സസ്പെന്‍ഡ് ചെയ്‌തിരുന്നതായും അദ്ദേഹം പറഞ്ഞു. സാധാരണ രീതിയില്‍ ഒരു ഉദ്യോഗസ്ഥന്‍ സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ സംസാരിച്ച കാര്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിന്‍റെ ഭാഗമായാണ് അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായിട്ടുള്ളത്. ബാക്കി കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആരോപണ വിധേയര്‍ ആര് എന്നതിലല്ല, ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ എന്ത്, അതിനുള്ള തെളിവുകള്‍ എന്തൊക്കെ എന്ന് അന്വേഷിച്ച് കണ്ടെത്തുകയാണ് പ്രധാനപ്പെട്ട കാര്യം. ഉന്നയിക്കപ്പെട്ട ഒരു ആരോപണം പോലീസ് കള്ളക്കടത്ത് സ്വര്‍ണം പിടിക്കുന്നതുമായി ബന്ധപ്പെട്ടാണല്ലോ. അത് സംബന്ധിച്ച് അന്വേഷണം നടക്കുന്നത് കൊണ്ട്, അതിലേക്ക് ഇപ്പോള്‍ ഞാന്‍ കടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഒരു കാര്യം വ്യക്തമാക്കാനുള്ളത്, സംസ്ഥാനത്ത് പോലീസിന് നിര്‍ഭയമായും നീതിപൂര്‍വ്വമായും പ്രവര്‍ത്തിക്കാനും നിയമവിരുദ്ധ പ്രവൃത്തികള്‍ തടയാനുമുള്ള സാഹചര്യം ഉറപ്പാക്കും എന്നതാണ്. പോലീസിന്‍റെ ഭാഗത്ത് നിന്ന് തെറ്റായ കാര്യങ്ങള്‍ ഉണ്ടാകില്ല എന്നുറപ്പാക്കാനും തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അതേസമയം പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കാനുള്ള ബോധപൂര്‍വ്വ നീക്കത്തോട് ഒരു തരത്തിലും യോജിക്കാനും കഴിയില്ല.

സംസ്ഥാനത്ത് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാനുള്ള സേനയാണ് പോലീസ്. ആ പോലീസ് അതിന്‍റെ ജോലി ചെയ്യുന്നതിന്‍റെ ഭാഗമായാണ് സ്വര്‍ണക്കടത്ത് അടക്കം പിടികൂടുന്നതും കടത്തുകാരെ നിയമത്തിന് മുന്നില്‍ എത്തിക്കുന്നതും.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോലീസ് പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണത്തിന്‍റെയും ഹവാല പണത്തിന്‍റെയും കണക്കുകള്‍ ഇവിടെയുണ്ട്. 2022ല്‍ 98 കേസുകളിലായി 79.9 കിലോഗ്രാം സ്വര്‍ണവും 23ല്‍ 61 കേസുകളില്‍ 48.7 കിലോഗ്രാം സ്വര്‍ണവും ഈ വര്‍ഷം 26 കേസുകളിലായി 18.1 കിലോ സ്വര്‍ണവുമാണ് പിടികൂടിയത്.

മൂന്ന് വര്‍ഷത്തില്‍ ആകെ 147.79 കിലോ സ്വര്‍ണം പിടികൂടി. അതില്‍ മലപ്പുറം ജില്ലയില്‍ മാത്രം പിടിച്ചത് 124.47 കിലോ സ്വര്‍ണമാണ്. 2020 മുതല്‍ സംസ്ഥാനത്താകെ 122.5 കോടി രൂപയുടെ ഹവാലപ്പണമാണ് പോലീസ് പിടിച്ചെടുത്തത്. അതില്‍ 87.22 കോടി മലപ്പുറത്ത് നിന്നാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി വലിയ തോതില്‍ സ്വര്‍ണവും ഹവാലപ്പണവും വരുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് കര്‍ക്കശമായി തടയുന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വര്‍ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യം തന്നെയാണ്. അത് ഒരു വിധത്തിലും അനുവദിക്കില്ല. പരിശോധനകള്‍ കര്‍ശനമാക്കാനും കള്ളക്കടത്തുകാരെ കര്‍ക്കശമായി കൈകാര്യം ചെയ്യാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*