‘തെറ്റായ പ്രചാരണം നടത്തരുത്’; തിരുപ്പതി ക്ഷേത്രത്തിൽ നെയ്യ് വിതരണം ചെയ്യുന്ന വാർത്ത നിഷേധിച്ച് അമുൽ

തിരുപ്പതി ലഡ്ഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന വിവാദ ആരോപണത്തിൽ വിശദീകരണവുമായി ഇന്ത്യയിലെ പ്രമുഖ ഡയറി ബ്രാൻഡായ അമുൽ. തിരുമല തിരുപ്പതി ക്ഷേത്രത്തിൽ അമുൽ നെയ്യ് വിതരണം ചെയ്യുന്നുവെന്ന ചില സോഷ്യൽ മീഡിയ പോസ്റ്റുകളെ തുടർന്നായിരുന്നു കമ്പനിയുടെ വിശിദീകരണം. ഞങ്ങൾ ഒരിക്കലും ടിടിഡിക്ക് അമുൽ നെയ്യ് വിതരണം ചെയ്തിട്ടില്ലെന്ന് അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” അമുൽ എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

‘ഗുണമേന്മയുള്ള പാലില്‍ നിന്നാണ് ഞങ്ങള്‍ നെയ്യ് ഉല്‍പ്പാദിപ്പിക്കുന്നത്. ഞങ്ങളുടെ പ്ലാന്റുകളിലേക്ക് എത്തുന്ന പാല്‍ നിരവധി തവണത്തെ ഗുണനിലവാര പരിശോധനകള്‍ക്ക് ശേഷമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ അമുലിനെതിരെ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്,’ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ലഡ്ഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന വിവാദങ്ങൾ ആളിക്കത്തിച്ചത്. മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചാണ് പ്രസിദ്ധമായ തിരുപ്പതി ലഡ്ഡു ഉണ്ടാക്കിയിരുന്നതെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നു കാലയളവിലാണ് ഇത്തരത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചതെന്നും നായിഡു ആരോപണം ഉന്നയിച്ചിരുന്നു.

ശേഷം ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ സെൻ്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ തിരുപ്പതി ലഡ്ഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി അറിയിച്ചത്. ലഡ്ഡു ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യിൽ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്.

അതേസമയം, നെയ്യിൽ മൃ​ഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ വിശദീകരണവുമായി തിരുമല തിരുപ്പതി ദേവസ്വം രംഗത്തെത്തിയിരുന്നു. പരിശുദ്ധിയോടെയാണ് നിലവിൽ ലഡ്ഡു തയ്യാറാക്കുന്നതെന്ന് ട്രസ്റ്റ് വ്യക്തമാക്കി. നെയ്യിൽ മായം ചേർക്കുന്നത് കണ്ടെത്താനുള്ള യന്ത്രം ഉടൻ സ്ഥാപിക്കുമെന്നും ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ഭക്തർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്തരുടെ വിശുദ്ധി സംരക്ഷിക്കാൻ ട്രസ്റ്റ് പ്രതിജ്ഞാബദ്ധമാണെന്നും സമൂഹമാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*