പൂരം കലക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഗൗരവകരമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കി. ശക്തമായ പ്രതിഷേധ പരിപാടികള്‍ ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കിയ സംഭവത്തില്‍ ആരോപണ വിധേയന്‍ തന്നെ അന്വേഷിച്ച റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്നും ആ റിപ്പോര്‍ട്ടിന് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കല്‍ പ്രശ്‌നം നടക്കുമ്പോള്‍ ADGP സ്ഥലത്തുണ്ടായിരുന്നു. എന്തിനാണ് അവിടെ എത്തിയത്.ഗൂഡാലോചനയുടെ ഭാഗമാണ് ഇത്. പൂരം കലക്കലില്‍ ഒരു അന്വേഷണവും ഉണ്ടായിട്ടില്ല. ആരോപണ വിധേയന്‍ ഇന്നലെ തയ്യാറാക്കിയ തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണിത്. ഗൂഢാലോചനയില്‍ ബിജെപിക്കും പങ്കുണ്ട്. പ്രതിപക്ഷം ഉന്നയിച്ച അതേ ആരോപണമാണ് സുനില്‍ കുമാര്‍ ആവര്‍ത്തിക്കുന്നത്.ആരോപണ വിധേയന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ നിയമപരമായ നടപടികള്‍ കോണ്‍ഗ്രസ് തേടും – വിഡി സതീശന്‍ വിശദമാക്കി.
മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ നീക്കം നടക്കുന്നുവെന്ന് വിഡി സതീശന്‍ പറഞ്ഞു. കള്ളക്കടത്ത് വിഹിതം പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് കിട്ടിയെന്ന് പറഞ്ഞത് സിപിഐഎം എംഎല്‍എ തന്നെയാണ്. മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ നടക്കുന്ന നീക്കം ചെറുക്കാനാണ് ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയത്. അന്‍വറിന് ലഭിച്ചത് പാര്‍ട്ടി ക്വട്ടേഷനാണ്. അന്‍വറിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കാത്തത് ഭയം കൊണ്ടാകാം- വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.
Be the first to comment