രാജ്യത്ത് ആദ്യമായി എംപോക്സ് ക്ലേഡ് 1ബി വകഭേദം കണ്ടെത്തി; രോഗബാധ മലപ്പുറം സ്വദേശിക്ക്

മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ച യുവാവിന് ക്ലേഡ് 1ബി വകഭേദം സ്ഥിരീകരിച്ചു. എംപോക്സിന്റെ ഈ വകഭേദത്തിന്റെ വ്യാപനം ചൂണ്ടിക്കാട്ടിയായിരുന്നു ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്ത് ആദ്യമായാണ് ക്ലേഡ് 1ബി വൈറസ് ബാധ കണ്ടെത്തുന്നത്. രാജ്യത്ത് ആദ്യമായി എം പോക്സ് സ്ഥിരീകരിച്ചത് ഡൽഹിയിലായിരുന്നു. എന്നാൽ അദ്ദേഹത്തിന് ക്ലേഡ് 2 വകഭേദത്തിലുള്ള വൈറസ് ബാധയായിരുന്നു.

ദുബായിൽനിന്നെത്തിയ മുപ്പത്തിയെട്ടുകാരനായ മലപ്പുറം സ്വദേശിക്കായിരുന്നു സെപ്റ്റംബർ 18ന് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ചാണ് യുവാവ് മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയത്. അത്യാഹിത വിഭാഗത്തിലെത്തിയപ്പോൾ തന്നെ തൊലിപ്പുറത്തെ തടിപ്പ് ശ്രദ്ധയിൽപ്പെട്ടതാണ് അധികൃതരിൽ എംപോക്സ്‌ സംശയമുണ്ടാക്കിയത്. തുടർന്ന് രോഗസ്ഥിരീകരണത്തിനായി സ്രവസാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു.

വസൂരി പോലെയുള്ള വൈറസുകളുടെ അതേ വിഭാഗമാണ് ഭാഗമാണ് എംപോക്സ് വൈറസ്. അതിൽത്തന്നെ വ്യാപന സാധ്യത കൂടിയതാണ് ക്ലേഡ് 1ബി. മധ്യാഫ്രിക്കൻ മേഖലകളിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഈ വർഷം ആഫ്രിക്കയിൽനിന്ന് ഇതുവരെ 30,000-ത്തിലധികം എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*