തിരുവനന്തപുരം : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടില്‍ ഇടപെട്ട് വിവരാവകാശ കമ്മീഷന്‍. നല്‍കിയ പരാതിയില്‍ വിവരാവകാശ കമ്മീഷന്‍ തെളിവെടുപ്പിന് ഉത്തരവിട്ടു. ഒക്ടോബര്‍ ഒമ്പതിനാണ് തെളിവെടുപ്പ്. റിപ്പോര്‍ട്ടിലെ അഞ്ച് പേജുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിയത് പുറത്തുകൊണ്ടുവന്നത്. വിവരാവകാശ കമ്മീഷണറെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാരിന്റെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെട്ടിമാറ്റല്‍.
അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സര്‍ക്കാര്‍ ഒഴിവാക്കിയത്. 49 മുതല്‍ 53 വരെ പേജുകള്‍ അധികമായി ഒഴിവാക്കിയതായാണ് കണ്ടെത്തല്‍. 97 മുതല്‍ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. ഈ പേജുകള്‍ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല.
ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീം 21 ഖണ്ഡികകള്‍ ഒഴിവാക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. വിവരാവകാശ കമ്മീഷണര്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഗുരുതര വീഴ്ചയായിരുന്നു സര്‍ക്കാരില്‍ നിന്ന് ഉണ്ടായത്.
വിവരാവകാശ കമ്മീഷണര്‍ പുറത്തു വിടരുതെന്ന് നിര്‍ദ്ദേശിച്ച ഭാഗങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 48ാം പേജിലെ 96ാം ഖണ്ഡിക പുറത്തുവിടരുതെന്ന് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ ഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പേജില്‍ സ്വകാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന വിവരങ്ങളില്ല.
Be the first to comment