രാജ്യത്തെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിൽ, കുറവ് മധ്യപ്രദേശിൽ ; പുതിയ റിപ്പോർട്ട് പുറത്ത്

ഇന്ത്യയിൽ യുവാക്കളിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് അനുഭവിക്കുന്ന സംസ്ഥാനമായി കേരളം. ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2023 ജൂലൈ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിലെ വിവരങ്ങൾ ഉൾകൊള്ളുന്ന സർവേ പ്രകാരം 15-29 പ്രായത്തിലുള്ള കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 29.9% ആണ്.

 2022-23 ല്‍ എഴു ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2023-24 ല്‍ 7.2 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. 2017 മുതല്‍ 2022 വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ നിരക്ക് കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗോവ (8.5%) കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനം കേരളമാണ്. സംസ്ഥാനത്ത് സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ 47.1% ആണ്. ഏറ്റവും കുറവ് തൊഴിലില്ലായ്മ അനുഭവിക്കുന്നത് പുരുഷന്മാരാണ്. 19.3% എന്നതാണ് പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക്. 

തമിഴ്‌നാട്- 3.5 ശതമാനം, കര്‍ണാടക- 2.7, ആന്ധ്രപ്രദേശ്- 4.1 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.ദേശീയ തലത്തിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനമാണ്. പുരുഷന്മാരിലേത് 9.8 ശതമാനവുമാണ്. പിഎൽഎഫ്എസ് അനുസരിച്ച് മധ്യപ്രദേശിലാണ് ഏറ്റവും കുറഞ്ഞ യുവജന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് ആണ് തൊട്ടുപിന്നിൽ. ലക്ഷദ്വീപും ആൻഡമാൻ നിക്കോബാർ ദ്വീപുകളുമാണ് കേന്ദ്രഭരണ പ്രദേശങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മയിൽ ഏറ്റവും മുന്നിലുള്ളത്.

ലക്ഷദ്വീപിൽ 36.2 ശതമാനവും ആൻഡമാനിൽ 33.6 ശതമാനവുമാണ് യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക്. ലക്ഷദ്വീപിൽ 15 മുതൽ 29 വരെ പ്രായപരിധിയിലുള്ള സ്ത്രീകളിൽ 79.7 ശതമാനവും തൊഴിലില്ലാത്തവരാണ്. രാജ്യത്ത് സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലില്ലായ്മ നിരക്ക് മുന്‍ വര്‍ഷത്തെക്കാള്‍ ഉയര്‍ന്നതായാണ് സര്‍വേ ഫലങ്ങള്‍.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് (ഐഎച്ച്‌ഡി) യുമായി സഹകരിച്ച് ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ) പുറത്തിറക്കിയ 2024 ലെ ഇന്ത്യൻ എംപ്ലോയ്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച്, 22 ഇന്ത്യൻ സംസ്ഥാനങ്ങളിൽ പുരുഷ തൊഴിൽ സാഹചര്യങ്ങളിൽ കേരളം മോശം റാങ്കിലാണ്. ബീഹാറും ഒഡീഷയും മാത്രമാണ് കേരളത്തിന് പിന്നിലുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ. കേരളത്തിലെ 15-29 വയസ് പ്രായമുള്ള 31.28% വിദ്യാസമ്പന്നരായ പുരുഷന്മാരും തൊഴിൽരഹിതരായി തുടരുന്നു. ഇത് ദേശീയ ശരാശരിയായ 20.28% നേക്കാൾ വളരെ കൂടുതലാണെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*