സംശയിച്ചതുപോലെ തന്നെ, ഉദ്ദേശം വ്യക്തം; അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: സിപിഎമ്മിനും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പി വി അന്‍വറിന്റെ ആരോപണങ്ങള്‍. ഇത് പൂര്‍ണമായി തള്ളിക്കളയുന്നു. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ല. മുന്‍നിശ്ചയിച്ച പ്രകാരം അന്വേഷണം തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. പി വി അന്‍വര്‍ എംഎല്‍എ ഇന്നലെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

‘അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്താണ് എന്ന സംശയം മുന്‍പ് ഉണ്ടായിരുന്നു. തുടക്കത്തില്‍ സംശയങ്ങള്‍ക്ക് പിന്നാലെ പോയില്ല. എംഎല്‍എ എന്ന നിലയില്‍ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. അതിലും അദ്ദേഹം തൃപ്തനല്ല എന്ന് ഇന്നലെ പറഞ്ഞതില്‍ നിന്ന് വ്യക്തമാണ്. അന്‍വറിന്റെ നീക്കം പാര്‍ട്ടി നേരത്തെ സംശയിച്ചപോലെ തന്നെയാണ് എത്തിനില്‍ക്കുന്നത്. 

പാര്‍ട്ടിക്കും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് അന്‍വര്‍ പറഞ്ഞത്. മാത്രമല്ല എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം പറയുന്നതും ഇന്നലെ കേട്ടു. ഇതില്‍ നിന്ന് ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ അത് തുറന്നുപറഞ്ഞിട്ടുണ്ട്. സ്വയമേവ തന്നെ പ്രഖ്യാപനവും നടത്തി. എല്‍ഡിഎഫില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നും.എല്ലാ കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി.അദ്ദേഹം പറഞ്ഞ കാര്യങ്ങളെ കുറിച്ച് വിശദമായി പറയേണ്ടതായിട്ടുണ്ട്. പിന്നീട് വിശദീകരിക്കും. ഇപ്പോള്‍ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെല്ലാം പൂര്‍ണമായി തള്ളുന്നു. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ആരോപണങ്ങളായാണ് ഇതിനെ കാണുന്നത്’- മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*