കാണിക്കുന്നത് അൽപ്പത്തരം ; പി വി അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

 

മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ളവരെ കുറിച്ച് രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയ പിവി അൻവറിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ പ്രസ്താവന. പാർട്ടിയെ ആകെ തിരുത്താനുള്ള സ്ഥാനമാണ് തനിക്കുള്ളത് എന്ന അൽപ്പത്തരമാണ് അൻവറിനെന്നു സെക്രട്ടറിയേറ്റ്. വലതുപക്ഷ രാഷ്ട്രീയശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വായായി പിവി അൻവർ എംഎൽഎ മാറിയിരിക്കുന്നു എന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.

ജനാധിപത്യകേന്ദ്രീകരണ തത്വത്തിൽ ഉൾപാർട്ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർടിയാണ് സിപിഎം എന്നും അതുകൊണ്ടുതന്നെ നിർഭയമായ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം പാർട്ടിയിലുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. പാർട്ടിയിലും സർക്കാരിലും വിശ്വാസമുള്ള ഒരാളും ഇത്തരമൊരു സാഹചര്യത്തിൽ പൊതുപ്രസ്താവന നടത്തുകയില്ല എന്നാൽ അൻവർ വലതുപക്ഷ രാഷ്ട്രീയക്കാർക്കുവേണ്ടി ആരോപണം ഉന്നയിക്കുന്നു എന്നും മുൻകൂട്ടി നിശ്ചയിച്ച ചില അജണ്ടകളുമായാണ് അൻവർ രംഗത്തെത്തുന്നതെന്നും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നു.

സംഘപരിവാറിന്റെ അജണ്ടയെ പ്രതിരോധിച്ചതിന്റെ പേരിൽ തലയ്ക്ക് വിലപറയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും, ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ന്യുനപക്ഷ പ്രീണനം എന്ന പ്രചാരണം ഉയർന്നുവന്നു എന്നാൽ ഇപ്പോൾ ഹിന്ദുത്വ രാഷ്ട്രീയവുമായുള്ള സന്ധിയാണ്‌ ചിലർ പ്രചരിപ്പിക്കുന്നതെന്നും പ്രസ്താവനയിൽ സിപിഎം പറയുന്നു. മാത്രവുമല്ല ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരെ മതരാഷ്ട്രവാദ കാഴ്ചപ്പാടുകളാണ് സ്വാധീനിച്ചിരിക്കുന്നതെന്നും പ്രസ്താവനയിൽ വിമർശിക്കുന്നു.

നേതൃത്വത്തെ ദുർബലപ്പെടുത്തി പാർട്ടിയെ തകർക്കുക എന്ന വലതുപക്ഷ മാധ്യമങ്ങളുടേയും രാഷ്ട്രീയക്കാരുടേയും പ്രചാരണങ്ങളാണ് അൻവർ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹം മാധ്യമങ്ങളുമായി ചേർന്ന് നടത്തുന്ന തെറ്റായ പ്രചരണങ്ങളെ പ്രതിരോധിക്കാനും അവയ്ക്കെതിരെ ജാഗ്രത പാലിക്കാനും കഴിയണമെന്നും സിപിഎം പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*