തൃശൂര്‍ പൂരം കലക്കല്‍; സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി സിപിഐ

തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി സിപിഐ. തൃശൂര്‍ മണ്ഡലം സെക്രട്ടറി സുമേഷ് പി കെയാണ് പരാതി നല്‍കിയത്. പൂരവുമായി ബന്ധപ്പെട്ട് തര്‍ക്കം നടക്കുമ്പോള്‍ സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചെന്ന് പരാതിയില്‍ പറയുന്നു.

തൃശൂര്‍ പോലീസ് കമ്മീഷണര്‍ക്ക് പുറമേ ജോയിന്റ് ആര്‍ടിഒയ്ക്കും സിപിഐ പരാതി നല്‍കിയിട്ടുണ്ട്. പൂരം അലങ്കോലമായ രാത്രി വീട്ടില്‍ നിന്ന് തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപി എത്തിയത് സേവാഭാരതിയുടെ ആംബുലന്‍സിലായിരുന്നു. രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലന്‍സ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ഉപയോഗിച്ചു എന്ന് പരാതിയില്‍ പറയുന്നു.

പൂരം അലങ്കോലമായതിന് പിന്നാലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപിക്കും ബിജെപിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തി. മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന മേഖലയിലേക്ക് സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയത് ഗൂഢാലോചനയുടെ ഭാഗമായെന്നായിരുന്നു ആരോപണം.

Be the first to comment

Leave a Reply

Your email address will not be published.


*