കാന്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ വെടിക്കെട്ടോടെ തുടങ്ങി ഇന്ത്യ. ആറോവര്‍ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലാണ് ഇന്ത്യ യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. നേരത്തേ ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശ് 233 റണ്‍സിന് പുറത്തായിരുന്നു.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് മൊമിനുള്‍ ഹഖിന്റെ സെഞ്ചുറിയാണ് കരുത്തായത്. ആദ്യ ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ ജയ്സ്വാളും രോഹിത്തും മികച്ച തുടക്കമാണ് നല്‍കിയത്. ടീം മൂന്നോവറില്‍ തന്നെ അമ്പത് കടന്നു.
ജയ്സ്വാളായിരുന്നു കൂടുതല്‍ അപകടകാരി. ടീം സ്കോര്‍ 55 നില്‍ക്കേ രോഹിത്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 11 പന്തില്‍ നിന്ന് ഒരു ഫോറും മൂന്ന് സിക്സറുകളുമടക്കം രോഹിത് 23 റണ്‍സെടുത്തു. ജയ്സ്വാളും ഗില്ലുമാണ് ക്രീസില്‍. നാലാം ദിനം തുടക്കത്തില്‍ തന്നെ 11 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമിനെ ബംഗ്ലാദേശിന് നഷ്ടമായി.
ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ മൊമിനുള്‍ ഹഖാണ് ബംഗ്ലാദേശിന് കരുത്തായത്. വിക്കറ്റുകള്‍ വീഴുമ്പോഴും മൊമിനുള്‍ സ്കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. ലിട്ടണ്‍ ദാസ് (13), ഷാക്കിബ് അല്‍ ഹസന്(9), തൈജുള്‍ ഇസ്ലാം(5), ഹസന് മഹ്മുദ് (1) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. മെഹ്ദി ഹസന് 20 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റെടുത്തു. സിറാജ്, അശ്വിന്, ആകാശ് ദ്വീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
Be the first to comment