തിരുവനന്തപുരം : സിനിമാ നയത്തിനുള്ള കരട് തയ്യാറാക്കാനുള്ള സമിതിയില്‍ നിന്നും ലൈംഗികാപീഡനാരോപണ കേസിലെ പ്രതിയും എംഎല്‍എയുമായ എം മുകേഷിനെ ഒഴിവാക്കി. സമിതി പുനസംഘടിപ്പിച്ചപ്പോഴാണ് മുകേഷിനെ ഒഴിവാക്കിയത്. പത്ത് അംഗങ്ങളുണ്ടായിരുന്ന സമിതിയുടെ അംഗസംഖ്യ ഏഴാക്കി ചുരുക്കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാര്‍, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തി.
സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അടുത്തിടെ സമിതിയില്‍ നിന്ന് രാജിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു പത്തംഗ സമിതി രൂപീകരിച്ച് ഉത്തരവിറങ്ങിയത്. എന്നാല്‍ ഉത്തരവിറങ്ങിയപ്പോള്‍ തന്നെ സിനിമ തിരക്കുകള്‍ പറഞ്ഞ് നടി മഞ്ജു വാര്യരും ഛായാഗ്രഹകന്‍ രാജീവ് രവിയും സ്വയം ഒഴിവായിരുന്നു.
ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ സമിതിയിലെ കണ്‍വീനര്‍ സാംസ്‌കാരിക വകുപ്പ് മുന്‍ സെക്രട്ടറി മിനി ആന്റണിയായിരുന്നു. മിനി വിരമിച്ചതിനാല്‍ സമിതിയില്‍ അംഗമായിരുന്ന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് കണ്‍വീനറാകും. നടിമാരായ പത്മപ്രിയ, നിഖില വിമല്‍, നിര്‍മാതാവ് സന്തോഷ് കുരുവിള എന്നിവരാണ് മറ്റ് അംഗങ്ങള്‍.
Be the first to comment