‘മുഖ്യമന്ത്രി രാജിവെക്കണം; മലപ്പുറം പരാമർശം ബോധപൂർവ്വം; ഹിന്ദു പത്രവുമായി അഡ്ജസ്റ്റ്മെൻ്റ്’; പിവി അൻ‌വർ

ദ ഹിന്ദു ദിന പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വിവാദ അഭിമുഖത്തിൽ രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടു. പി.ആർ ഏജൻസി ഇല്ല എന്നാണ് ഇതുവരെ പറഞ്ഞത് ഇപ്പോൾ അത് തെളിഞ്ഞുവെന്നും 32 മണിക്കൂർ കഴിഞ്ഞിട്ടാണ് വിഷയത്തിൽ വിശദീകരണം നൽകുന്നതെന്നും അൻവർ പറഞ്ഞു.

പുറത്ത് വന്നത് ഹിന്ദു പത്രവും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ അഡ്ജസ്റ്റ്മെൻ്റാണെന്ന് പിവി അൻവർ ആരോപിച്ചു. തെറ്റാണെങ്കിൽ പത്രമിറങ്ങി ഉടനെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കണ്ടേതല്ലേ എന്ന് അൻവർ ചോദിച്ചു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ബോധപൂർവ്വമാണെന്ന് അദ്ദേഹം പറഞ്ഞു. ദ ഹിന്ദു പത്രം മുഖ്യമന്ത്രിയുടെ അഭിമുഖ ഓഡിയോ പുറത്ത് വിടണമെന്നും വെല്ലുവിളിക്കുന്നുവെന്നും പിവി അൻവർ പറഞ്ഞു. ഹിന്ദു പത്രത്തിന്റെ വിശദീകരണം നാടകമാണെന്ന് അൻവർ ആരോപിച്ചു.

ശക്തമായ ആലോചനയുടെ ഭാഗമായി വന്ന അഭിമുഖമാണിതെന്ന് പിവി അൻവർ പറഞ്ഞു. ബി.ജെ.പി നേതൃത്വവുമായി ആലോചിച്ചു വന്ന അഭിമുഖമാണെന്ന് അൻവർ ആരോപിക്കുന്നു. ആദ്യമായിട്ടാണ് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം എന്ന് പറയുന്നത്. സ്വർണ കള്ളകടത്തിൽ താൻ പറയുന്നതിലേക്ക് കാര്യങ്ങൾ എത്തുന്നു. അന്വേഷണ സംഘം മൊഴിയെടുക്കാൻ എത്തിയിരുന്നു. മൊഴി നൽകിയില്ല. ഈ നാടകത്തിന് നിൽക്കുന്നില്ലെന്ന് അൻവർ പറഞ്ഞു.

പൊറാട്ട് നാടകം എന്തിനാണെന്നും ഒരു റിയാസ് അല്ല നൂറു റിയാസ് വന്ന് ന്യായീകരിച്ചാലും ജനങ്ങൾക്ക് കാര്യം മനസിലായെന്ന് അൻവർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് അദ്ദേഹത്തിന് നല്ലതെന്ന് അൻവർ പറയുന്നു. വേറെയും മുഖ്യമന്ത്രിമാരാക്കാൻ യോഗ്യതയുള്ളവർ ഉണ്ടല്ലോയെന്നും ഞാനാണ് ആ സ്ഥാനത്തെങ്കിൽ മാറുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ വേറെ ആരും ഇല്ലെങ്കിൽ ഇതിനേക്കാൾ നല്ലത് മുഖ്യമന്ത്രി പദം റിയാസിനെ ഏൽപ്പിക്കുകയാണെന്ന് അൻവർ പരിഹസിച്ചു.

മഞ്ചേരിയിൽ ഞായറാഴ്ച്ച ജില്ലാ തല വിശദീകരണം നടത്തുമെന്ന് പി.വി അൻവർ വ്യക്തമാക്കി. ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്നു. സിപിഐഎം വിശദീകരിച്ച് വിശദീകരിച്ച് കുട്ടിയെ ഇല്ലാതാക്കുകയാണെന്ന് അൻവർ കുറ്റപ്പെടുത്തി. ഞാൻ സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെടുന്നത് ജനങ്ങൾക്ക് വേണ്ടി നിന്നപ്പോഴാണെന്ന് അൻവർ പറഞ്ഞു. വ്യക്തിഹത്യ നടത്തുകയാണെന്നും താൻ തിരിച്ചടിച്ച് തുടങ്ങിയപ്പോൾ നിർത്തിയെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*