മലയാള സിനിമയെ നന്നാക്കാൻ ഉറച്ച് സംസ്ഥാന സർക്കാർ. സിനിമനയം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആഭ്യന്തര പരിഹാര സെല്ലിൽ സർക്കാർ സാന്നിധ്യം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നം സമ്പൂർണമായി പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സിനിമനയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റിയത് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. സിപിഐഎം നിലപാടുള്ള പാർട്ടിയാണ്. ആ നിലപാടിന്റെ ഭാഗമായാണ് മുകഷിനെ സിനിമനയ രൂപീകരണ സമിതിയിൽ നിന്ന് മാറ്റിയതെന്നും കൂടാതെ മുകേഷ് ആരോപണ വിധേയനായതിനാലാണ് മാറ്റിയതെന്നും സജി ചെറിയാൻ പറഞ്ഞു.
അതേസമയം മുകേഷിന് എംഎൽഎ യായി തുടരുന്നതിൽ പ്രശ്നങ്ങളില്ലെന്നും പ്രതിപക്ഷത്തും ആരോപണ വിധേയരായ ജനപ്രതിനിധികൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു. കോവളം എംഎൽഎ എം വിൻസെന്റിന്റെയും പെരമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെയും പേര് പരാമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
Be the first to comment