കൊല്ലം : മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പ്രതിയായ ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 54ാം വകുപ്പ് കൂടി ചേർത്ത് ശാസ്താംകോട്ട പോലീസ് മജിസ്ട്രേറ്റ് കോടതിയിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതോടെ പ്രേരണയ്ക്കൊപ്പം കുറ്റകൃത്യവേളയിലെ സാന്നിധ്യo കൂടി കണക്കിലെടുത്തുള്ള ശിക്ഷ ഉറപ്പാക്കാനാകും. കേസിലെ രണ്ടാം പ്രതിയാണ് ശ്രീക്കുട്ടി. ശ്രീക്കുട്ടിക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഒന്നാം പ്രതി അജ്മലിന് ഒപ്പം കുറ്റകൃത്യം ചെയ്യാൻ ശ്രീക്കുട്ടിയുo ഉണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. നേരത്തെ ബി എൻ എസ് 52ാം വകുപ്പ് പ്രകാരം പ്രേരണാക്കുറ്റം മാത്രമായിരുന്നു ശ്രീക്കുട്ടിയ്ക്ക് എതിരെ ചുമത്തിരുന്നത്. ട്രാപ്പിൽ പെട്ടു പോയതാണെന്ന് ശ്രീക്കുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. 13 പവൻ സ്വർണ്ണഭരണങ്ങളും 20,000 രൂപയും അജ്മലിന് നൽകിയെന്നും മദ്യം കുടിക്കാൻ അജ്മൽ പ്രേരിപ്പിച്ചിരുന്നുവെന്നും ശ്രീക്കുട്ടി മൊഴി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം കേസിലെ ഒന്നാം പ്രതിയായ അജ്മലിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഗോപകുമാർ തള്ളിയിരുന്നു. ആൾക്കൂട്ട ആക്രമണം ഭയന്നാണ് കാർ നിർത്താതിരുന്നതെന്ന ന്യായമാണ് പ്രതി കോടതിയിൽ അറിയിച്ചത്. എന്നാൽ സംസ്ഥാനം മുഴുവൻ നടക്കുന്ന വാഹനാപകടങ്ങളിൽ പ്രതികൾ ഈ നിലപാട് സ്വീകരിച്ചാലെന്താവും സ്ഥിതി എന്ന് കോടതി ചോദിച്ചു.
കൂടുതൽ വിശദീകരണത്തിന് അനുവദിക്കാതെ കോടതി അപേക്ഷ തള്ളുകയായിരുന്നു. തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയിൽ അപകടമുണ്ടായത്. സ്‌കൂട്ടറിൽ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ചുതെറിപ്പിച്ചശേഷം കാർ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. കാർ നിർത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പ്രതികൾ കാർ നിർത്താതെ പോകുകയായിരുന്നു. പിന്നീട് നാട്ടുകാർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവരും സംഭവസമയത്ത് മദ്യലഹരിയിലായിരുന്നു.
Be the first to comment