ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് : ഉച്ചവരെ 33.69 ശതമാനം പോളിങ്, നേരിയ സംഘര്‍ഷം

വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന ഹരിയാനയില്‍ ഉച്ചവരെത മന്ദഗതിയിലുള്ള പോളിങ്. ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്കുകള്‍ പ്രകാരം 33.69 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കായി ബിജെപി കിണഞ്ഞു ശ്രമിക്കുമ്പോള്‍ പത്തുവര്‍ഷത്തിനു ശേഷം ഭരണം തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

ആകെ 90 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. 1031 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ ജെജെപി, ആം ആദ്മി പാര്‍ട്ടി എന്നീ കക്ഷികളും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ നേടിയ ബിജെപി ജെജെപിയുമായി ചേര്‍ന്നാണ് ഭരണത്തിലേറിയത്. 10 സീറ്റുകളായിരുന്നു ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിക്ക് ലഭിച്ചത്. 

അതേസമയം കോണ്‍ഗ്രസിന് 31 സീറ്റുകളാണ് ഉണ്ടായിരുന്നത്.എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് തികഞ്ഞ പ്രതീക്ഷയിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാഴ്ചവച്ച മികച്ച പ്രകടനം ആവര്‍ത്തിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 2019-ല്‍ സംസ്ഥാനത്തെ 10 ലോക്‌സഭാ സീറ്റുകളും ബിജെപിയാണ് തൂത്തുവാരിയത്. എന്നാല്‍ 2024-ല്‍ അഞ്ച് സീറ്റുകള്‍ തിരിച്ചുപിടിച്ച കോണ്‍ഗ്രസ് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

 അതേപ്രകടനം ഈ നിയമസഭാ തിരഞ്ഞെടുപ്പിലും കാഴ്ചവയ്ക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ.അതിനു പുറമേ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ശക്തമായ ഭരണവിരുദ്ധ വികാരവും തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. മന്ദഗതിയിലുള്ള പോളിങ്ങില്‍ ആശങ്കയില്ലെന്നും കോണ്‍ഗ്രസിന് കുറഞ്ഞത് 75 സീറ്റെങ്കിലും കിട്ടുമെന്നും കോണ്‍ഗ്രസ് നേതാവ് അശോക് തന്‍വാര്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം പറഞ്ഞു.

 പൊതുവേ സമാധാനപരമായാണ് വോട്ടിങ് പുരോഗമിക്കുന്നതെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല്‍വാല്‍ ജില്ലയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്, 22.70 ശതമാനം. ഏറ്റവും കുറവ് പഞ്ച്കുളയിലാണ്, 13.46 ശതമാനം. ഉച്ചയ്ക്കു ശേഷം പോളിങ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*