ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പര ഇന്ന് തുടങ്ങും. യുവനിര മാത്രമുള്ള ടീം ഇന്ത്യയും ടെസ്റ്റ് പരമ്പരയിലെ പ്രധാന കളിക്കാരെയടക്കം ഉള്‍പ്പെടുത്തിയുള്ള ബംഗ്ലാദേശും കുട്ടിക്രിക്കറ്റില്‍ നേര്‍ക്ക് നേര് ഏറ്റുമുട്ടുമ്പോള്‍ വിജയം ഏറെക്കുറെ ഇന്ത്യയുടെ കൈകളില്‍ തന്നെയൊതുങ്ങുമെന്നാണ് കളിനിരീക്ഷികരുടെ വിലയിരുത്തല്‍. ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ബംഗ്ലാദേശിനെ ഒരു ഇന്നിങ്സ് പോലും ജയിക്കാന്‍ വിടാതെ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. പക്ഷേ ടെസ്റ്റ് മത്സരം കളിച്ച ഒരംഗം പോലും ടി ട്വന്റി ടീമില്‍ ഇല്ലെന്നാണ് ഇതുവരെയുള്ള വിവരം. വെടിക്കെട്ട് ബാറ്റ്സ്മാന് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യ യുവനിരക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.
എന്നാല്‍ ടെസ്റ്റ് ടീമിലെ പ്രധാന കളിക്കാരെ ഉള്‍പ്പെടുത്തിയുള്ളതാണ് ബംഗ്ലാദേശ് ഇലവന്. ഇന്ത്യന്‍ നിരയിലെ ബൗളര്‍മാരായ മായങ്ക് യാദവ്, ഹര്‍ഷിത് റാണ ഓള് റഔണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ ആദ്യ അന്താരാഷ്ട്ര മത്സരം കൂടിയായിരിക്കും ഇന്നത്തേത്. വിക്കറ്റ് കീപ്പര്‍ ആയ മലയാളി താരം സഞ്ജു സാംസണ് ഓപ്പണര്‍മാരില്‍ ഇടം പിടിച്ചേക്കും. ജിതേഷ് ശര്‍മ്മയും വിക്കറ്റ് കീപ്പര്‍ ആയി ടീമിലുണ്ടെങ്കിലും പരിചയ സമ്പന്നനായ സഞ്ജുവിന് ഇടം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജു ഓപ്പണറായി ഇറങ്ങുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സൂര്യകുമാര്‍ യാദവ്, ഓള് റൗണ്ടര്‍ റിയാന്‍ പരാഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ ടീമിലുണ്ടെങ്കിലും ഇവരില്‍ ശിവംദുബെ കളിച്ചേക്കില്ലെന്ന വിവരമുണ്ട്. അതിവേഗക്കാരനായ പേസര്‍ മായങ്ക് യാദവ് ആദ്യ ഓവര്‍ എറിയാന്‍ എത്തിയേക്കും. ഒപ്പം പരിചയസമ്പന്നനായ ഇടംകൈ പേസര്‍ അര്‍ഷ്ദീപ് സിങ്ങും ഉണ്ടാകും. 24 കാരനായ രവി ബിഷ്ണോയ്, 23-കാരനായ ഓള് റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ബംഗ്ലാദേശ് താരങ്ങളെ എറിഞ്ഞിടാന്‍ മുന്‍നിരയിലുണ്ടാകും.
മാധവറാവു സിന്ധ്യ സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരമായതിനാല്‍ തന്നെ പിച്ചിനെക്കുറിച്ച് ഒരു പിടിയുമില്ല താരങ്ങള്‍ക്ക്. 25-കാരനായ നജ്മുല്‍ ഹൊസാന്‍ ഷാന്റോയായിരിക്കും ബംഗ്ലാദേശ് ടീമിനെ നയിക്കുക. ലിട്ടണ്‍ ദാസ്, മെഹ്ദി ഹസ്സന് മിറാസ്, തൗഹീദ് ഹൃദോയ്, മഹ്മൂദുള്ള, ടസ്കിന് അഹമ്മദ്, മുസ്താഫിസുര്‍ റഹ്മാന് തുടങ്ങിയ പരിചയസമ്പന്നരും ടീമിലുണ്ട്. അതേ സമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലം അടുത്ത് നടക്കാനിരിക്കെ താരങ്ങളുടെ പ്രകടനം വിലയിരുത്താനുള്ള അവസരം കൂടിയാണ് ഇനി മുതലുള്ള ടി ട്വന്റി മത്സരങ്ങള്‍.
Be the first to comment