വനിതാ ടി20 ലോകകപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ, 6 വിക്കറ്റ് ജയം

ദുബായ് (യുഎഇ): വനിതാ ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ 6 വിക്കറ്റിന് തകർത്ത് ഇന്ത്യക്ക് തകർപ്പൻ ജയം. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാക് പെണ്‍പട ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ എത്തിച്ചേര്‍ന്നു. 35 പന്തില്‍ 32 റണ്‍സെടുത്ത ഷഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഇന്ത്യയുടെ വലംകൈയ്യൻ പേസർ അരുന്ധതി റെഡ്ഡിയാണ് പാക് ടീമിന്‍റെ മധ്യനിരയെ പൂർണമായും തകർത്തത്. 4 ഓവറിൽ 19 റൺസ് വഴങ്ങി 3 വിക്കറ്റാണ് താരം വീഴ്ത്തിയത്.ശ്രേയങ്ക പാട്ടീല്‍ 4 ഓവറിൽ 12 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. രേണുക സിങ്, ദീപ്‌തി ശർമ്മ, ആശാ ശോഭന എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഷെഫാലിയുടെ മികച്ച സ്‌കോറിന് കൂടാതെ ഹർമൻപ്രീത് കൗർ (29), ജെമിമ റോഡ്രിഗസ് (23) എന്നിവർ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മന്ദാനയ്ക്ക് 7 റൺസ് മാത്രമേ എടുക്കാനായുള്ളൂ.

പാകിസ്ഥാന് വേണ്ടി കൂടുതൽ റൺസ് നേടിയത് നിദാ ദറാണ്. 34 പന്തിൽ 28 റൺസിന്‍റെ ഇന്നിങ്സാണ് താരം കളിച്ചത്. പിന്നാലെ മറ്റും ബാറ്റര്‍മാര്‍ക്കൊന്നും 20 റൺസ് തികയ്ക്കാൻ കഴിഞ്ഞില്ല. പാക് ക്യാപ്റ്റൻ ഫാത്തിമ സന ​​8 പന്തിൽ 13 റൺസെടുത്തു. ടൂർണമെന്‍റിലെ ഇന്ത്യൻ ടീമിന്‍റെ ആദ്യ വിജയമാണിത്. നേരത്തെ കിവീസ് താരങ്ങളിൽ നിന്ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*