‘ആയിരം സതീശന്‍മാര്‍ വന്നാല്‍ അര പിണറായി ആവില്ല’: പ്രതിപക്ഷത്തിന് മറുപടിയുമായി മന്ത്രി വിഎന്‍ വാസവന്‍

വത്സന്‍ തില്ലങ്കേരിയും സുരേഷ് ഗോപിയും പൂരം ദിവസം വന്നുവെന്നത് ശരിയാണെന്ന് മന്ത്രി വിഎന്‍ വാസവന്‍. കെ.പി.സി.സി അധ്യക്ഷന്‍ നിരാഹാരം കിടന്നപ്പോള്‍ വത്സന്‍ തില്ലങ്കേരി അഭിവാദ്യം ചെയ്തകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ആ വത്സന്‍ തില്ലങ്കേരിയാണ് പൂരത്തിനും എത്തിയതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കായി മറുപടി പറയുകയായിരുന്നു അദ്ദേഹം. ആയിരം സതീശന്മാര്‍ വന്നാല്‍ അര പിണറായി ആവില്ലെന്ന് പറഞ്ഞ അദ്ദേഹം സഹന ശക്തിക്കു ഓസ്‌കാര്‍ പ്രഖ്യാപിച്ചാല്‍ അത് പിണറായിക്ക് ആയിരിക്കുമെന്നും പറഞ്ഞു.

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു സന്നിഗ്ദ ഘട്ടം ഉണ്ടായെന്നും മുഖ്യമന്ത്രി ഇടപെട്ടു രണ്ടു കൂട്ടരെയും അനുനയിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. കോടതി നിബന്ധനകള്‍ക്ക് വിധേയമായാണ് പൂരം സംഘാടനവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തീരുമാനം എടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ഉദ്യോഗസ്ഥനെ മാറ്റണമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി വേണമായിരുന്നു. പ്രതിപക്ഷ നേതാവ് ഇക്കാര്യം അറിയാതെയല്ല സംസാരിച്ചതെന്ന് തോന്നുന്നു. ഈ വസ്തുത മറച്ചു വെച്ചാണ് ഉദ്യോഗസ്ഥരെ മാറ്റാത്തത് എന്താണെന്നു പ്രതിപക്ഷം ചോദിക്കുന്നത് – അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ മൂന്നു തരത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചുവെന്നും മന്ത്രി പറഞ്ഞു. എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ആസൂത്രിതമായ ചില നീക്കങ്ങള്‍ നടന്നുവെന്നു സൂചനയുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ത്രിതല അന്വേഷണം ആരംഭിച്ചത് – മന്ത്രി പറഞ്ഞു. ശേഷം അന്വേഷണത്തെ കുറിച്ച് അദ്ദേഹം സഭയില്‍ വിശദീകരിച്ചു. സര്‍ക്കാര്‍ അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ അതിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും വാസവന്‍ പറഞ്ഞു.

പൂരം കലക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് തന്നെയാണ് തങ്ങളെല്ലാം പറയുന്നത്. നിങ്ങള്‍ എന്തെടുക്കുകയായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. അപ്പോള്‍ തന്നെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ ത്രിതല അന്വേഷണം പ്രഖ്യാപിച്ചു – മന്ത്രി വാസവന്‍ വിശദമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*