യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ട് ലക്ഷ്യം വെച്ച് തട്ടിപ്പ് സംഘം, പുതിയ കബളിപ്പിക്കല്‍ രീതി; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുസംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യം വെയ്ക്കുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ട് ടൈം/ ഓണ്‍ലൈന്‍ ജോലികള്‍ തിരയുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ വലയില്‍ അകപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടും ഉള്ളവര്‍ക്ക് ജോലി നല്‍കുന്നതാണ് തട്ടിപ്പു സംഘത്തിന്റെ രീതി. 

അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോള്‍ കമ്മീഷന്‍ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന അക്കൗണ്ടില്‍ അയച്ചു നല്‍കുകയെന്നതാണ് ജോലി. ഉയര്‍ന്ന കമ്മീഷനാണ് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകള്‍ മ്യൂള്‍ അക്കൗണ്ട് (വാടക അക്കൗണ്ട്) ആയി സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. 

ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്മരല്ലാത്ത യുവതീയുവാക്കള്‍ തങ്ങള്‍ അറിയാതെതന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു. ഇത്തരം സൈബര്‍ തട്ടിപ്പുസംഘത്തിന്റെ വലയില്‍ മക്കളും യുവതലമുറയും അകപ്പെടാതിരിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും പൊതു സമൂഹവും അതീവജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കേരള പോലീസ്  ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*