തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ച്ചുബിഷപ്പും മാര്‍ ഇവാനിയോസ് കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പലുമായിരുന്ന ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ പേരില്‍ മാര്‍ ഇവാനിയോസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അമിക്കോസ് ഏര്‍പ്പെടുത്തിയ 2024-ലെ ആര്‍ച്ചുബിഷപ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് ഇന്‍ഫോസിസ് സഹസ്ഥാപകനും സിഇഒയും ആയിരുന്ന ക്രിസ് ഗോപാലകൃഷ്ണന്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. നമ്മുടെ രാജ്യത്തെ ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍ അന്വേഷിച്ചു വിദേശത്തേക്ക് പോകുന്ന ഇന്നത്തെ സാഹ ചര്യത്തില്‍ ആയിരക്കണക്കിന് യുവാക്കള്‍ക്ക് നാട്ടില്‍ത്തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ക്രിസ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള പരിശ്രമങ്ങളെ കാതോലിക്ക ബാവ പ്രശംസിച്ചു. അദ്ദേഹത്തിന്റെ ഈ മേഖലയിലെ നിസ്തുല സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡിനു തെരഞ്ഞെടുത്തത്.
മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാര്‍ ചെയര്‍മാനും മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന് മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ക്രിസ് ഗോപാലകൃഷ്ണനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. തിരുവനന്തപുരത്തു വച്ച് അവാര്‍ഡ് പിന്നീട് സമ്മാനിക്കും.
Be the first to comment