പരമ്പരാഗത പാഴ്‌സി ആചാരപ്രകാരമല്ലാതെ രത്തന്‍ ടാറ്റയുടെ സംസ്‌കാരം

വ്യവസായ രംഗത്തെ അതികായന്‍ രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ വിലപിക്കുകയാണ് രാജ്യം. അതിസമ്പന്ന പാഴ്‌സി കുടുംബത്തില്‍ ജനിച്ചിട്ടും ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു നിന്ന അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. പാഴ്‌സി സമൂഹത്തിന്റെ ആചാരങ്ങളിലേക്ക് വീണ്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ് ടാറ്റയുടെ വിയോഗം. പാഴ്‌സി സമുദായത്തില്‍ ജനിച്ചിട്ടും പരമ്പരാഗത പാഴ്‌സി ആചാരപ്രകാരമല്ല അദ്ദേഹത്തിന്റെ സംസ്‌കരിക്കുന്നത്. മുംബൈയിലെ വോര്‍ളി ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു അന്ത്യ കര്‍മങ്ങള്‍ നടന്നത്.

ഇറാനില്‍ നിന്ന് ഇന്ത്യന്‍ ഉപഭൂഗണ്ഡത്തിലേക്ക് കുടിയേറിയവരാണ് പാഴ്‌സികള്‍. സംസ്‌കാരത്തിലും ആചാരങ്ങളിലുമെല്ലാം തങ്ങളുടേതായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവര്‍. ശവ സംസ്‌കാരത്തിലുമുണ്ട് അവര്‍ക്ക് അവരുടേതായ രീതി. ഹിന്ദുക്കളെ പോലെ ശവശരീരം ദഹിപ്പിക്കുകയോ മുസ്ലിംങ്ങളെ മണ്ണിലേക്കര്‍പ്പിക്കുകയോ അല്ല പാഴ്‌സികള്‍ ചെയ്യുന്നത്. അവരെ സംബന്ധിച്ച് അഗ്നിയും ഭൂമിയും പരിശുദ്ധമാണ്. ഈ വിശ്വാസംകൊണ്ട് തന്നെ സംസ്‌കാരം നടത്തി മണ്ണും അഗ്നിയും മലിനമാക്കില്ല.

ദഖ്മ എന്നറിയപ്പെടുന്ന വമ്പന്‍ കോട്ടയില്‍ കഴുകന്‍മാര്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുന്ന ദഖ്മ നാശിനി എന്ന ആചാരമായിരുന്നു ഇവര്‍ മുന്‍പ് പിന്തുടര്‍ന്നിരുന്നത്. കൂറ്റന്‍ കോട്ടകള്‍ കെട്ടി അതിനു മുകളില്‍ സൂര്യരശ്മികള്‍ ഏല്‍ക്കുന്ന രീതിയില്‍ ശവശരീരങ്ങള്‍ കൊണ്ടു വെക്കും. ടവര്‍ ഓഫ് സൈലന്റ്‌സ് എന്നാണി ഇതിന്റെ പേര്. ശേഷം കഴുകന്‍മാരും പരുന്തുകളും കാക്കകളും വന്ന് ശരീരം ഭക്ഷിക്കും. പ്രകൃതിയിലേക്ക് മടങ്ങാനുള്ള മാര്‍ഗമായാണ് ഇതിനെ കണക്കാക്കുന്നത്. തിബറ്റിലെ ബുദ്ധമത വിശ്വാസികള്‍ക്കിടയിലും സ്‌കൈ ബറിയല്‍ അഥവാ ആകാശ ശവദാഹം എന്ന ഈ രീതി നിലനില്‍ക്കുന്നുണ്ട്. ബുദ്ധമത വിശ്വാസപ്രകാരം മോക്ഷം കിട്ടുന്നതിനുള്ള മാര്‍ഗമാണിത്. നഗരവത്കരണം കാരണം കഴുകന്‍മാരുടെ എണ്ണം കുറഞ്ഞത് ഈ രീതിയിലുള്ള സംസ്‌കാരം ഒഴിവാക്കുന്നതിന് കാരണമായി. രത്തന്‍ ടാറ്റയുടേത് പോലെ.

Be the first to comment

Leave a Reply

Your email address will not be published.


*