‘ശോഭ സുരേന്ദ്രൻ ബിജെപിയുടെ വോട്ട് കൊയ്യുന്ന റിസർവ് ബാങ്ക്, പാലക്കാട് മത്സരിക്കട്ടെ’; ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജൻ

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനായി ആവശ്യമുന്നയിച്ച് ജില്ലയിലെ മുതിർന്ന നേതാക്കൾ. ശോഭ മത്സരിച്ചാൽ ബിജെപിക്ക്‌ നിയമസഭയിൽ ഒരു അംഗത്തെ കിട്ടുമെന്ന് ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ ട്വന്റി ഫോറിനോട് പറഞ്ഞു. ശോഭ മത്സരിച്ചാൽ സിപിഐഎമ്മിന് കെട്ടിവെച്ച പൈസ പോലും കിട്ടില്ല. ബിജെപിയുടെ വോട്ട് കൊയ്യുന്ന റിസർവ് ബാങ്ക് ആണ് ശോഭ സുരേന്ദ്രൻ.പാർട്ടിയിൽ സ്ഥാനാർഥി നിർണ്ണായത്തെ സംബന്ധിച്ച് തർക്കങ്ങൾ ഇല്ലെന്നും എൻ ശിവരാജൻ പറഞ്ഞു.

കഴിഞ്ഞദിവസം പാലക്കാട് നഗരസഭയ്ക്ക് മുന്നിൽ ശോഭ സുരേന്ദ്രന്റെ ഫ്ളക്സുകൾ പ്രത്യക്ഷപ്പെട്ടു. പാലക്കാട് നഗരത്തിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. പാലക്കാട്ടെ കാവിപ്പട എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോൺ​ഗ്രസിലും സിപിഐഎമ്മിലും സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട് ചർച്ച സജീവമാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിലും ചർച്ചകൾ കൊഴുക്കുകയാണ്. ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാർത്ഥിയാക്കണമെന്നാണ് ഉയർന്നു വരുന്ന ആവശ്യം.

അതിനിടെ ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോളെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഐഎമ്മിൽ ആലോചന.ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനമായി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗമാണ് ബിനുമോൾ. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവുമാണ്. അന്തരിച്ച സിപിഐഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ്.

Be the first to comment

Leave a Reply

Your email address will not be published.


*