വാഹനവിപണിയില്‍ ഓട്ടോമാറ്റിക്ക് കാറുകള്‍ക്ക് സ്വീകാര്യത വർധിക്കുന്നതായി റിപ്പോർട്ട്

വാഹനവിപണിയില്‍ ഓട്ടോമാറ്റിക്ക് കാറുകള്‍ക്ക് സ്വീകാര്യത വർധിക്കുന്നതായി റിപ്പോർട്ട്. ഡ്രൈവിങ് അനുഭവവും ഇന്ധന ക്ഷമതയുമാണ് വില കൂടുതലാണെങ്കിലും ഓട്ടോമാറ്റിക്ക് കാറുകളിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നത്. രാജ്യത്തെ വാഹന വില്‍പ്പനയുടെ 26 ശതമാനവും ഓട്ടോമാറ്റിക്ക് കാറുകളാണ്. 2020ല്‍ നിന്ന് 16% വർധനയാണ് ഓട്ടോമാറ്റിക്ക് കാറുകളുടെ വില്‍പ്പനയിലുണ്ടായിരിക്കുന്നത്. ജാറ്റൊ ഡൈനാമിക്‌സാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

രാജ്യത്തെ 20 പ്രധാന നഗരങ്ങളില്‍ വില്‍ക്കുന്ന മൂന്നിലൊന്ന് വാഹനങ്ങളും ഓട്ടോമാറ്റിക്കാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മാനുവല്‍ കാറുകളേക്കാള്‍ 60,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപവരെ അധികം നല്‍കേണ്ടതുണ്ട് ഓട്ടോമാറ്റിക്ക് കാറുകള്‍ സ്വന്തമാക്കാൻ.

നിലവില്‍ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുള്ള 83 വാഹനങ്ങളാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്. മാരുതി സുസുക്കി, ടൊയോട്ട, ടാറ്റ മോട്ടേഴ്‌സ്, മഹീന്ദ്ര, ഹ്യുണ്ടയ്, കിയ തുടങ്ങി ജനപ്രിയ കമ്പനികളെല്ലാം എല്ലാ മോഡലുകളിലും ഓട്ടോമാറ്റിക്ക് വേരിയന്റ് പുറത്തിറക്കുന്നുണ്ട്.

ഇന്ധന ക്ഷമത മാത്രമല്ല ഓട്ടോമാറ്റിക്ക് കാറുകളുടെ പ്രത്യേകതക. ഓട്ടോമേറ്റഡ് മാനുവല്‍ ട്രാൻസ്മിഷൻ (എഎംടി), അത്യാധുനിക സിവിടി, വളരെ മികച്ച പ്രകടനം നല്‍കുന്ന ഡുവല്‍ ക്ലച്ച് ട്രാൻസ്മിഷനുകള്‍ (ഡിസിടി) തുടങ്ങി നിരവധി ഓപ്ഷനുകള്‍ തന്നെയുണ്ട്.

എല്ലാ പ്രായക്കാരിലും ഓട്ടോമാറ്റിക്ക് കാറുകളുടെ സ്വീകാര്യത ഉയർന്നുവരുന്നതായാണ് വിലയിരുത്തല്‍. പ്രത്യേകിച്ചും നഗര, ഭാഗിക നഗരമേഖലകളില്‍. ഇതൊരു ട്രെൻഡായി തുടരുമെന്നുമാണ് വിപണിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*