ബയോപ്‌സി ക്യാൻസർ നിർണയത്തിന് മാത്രമുള്ളതാണോ ? അറിയാം

ബയോപ്‌സി ടെസ്റ്റെന്ന് കേട്ടാൽ പരിഭ്രമിക്കുന്നവരാണ് ഏതൊരാളും. പ്രത്യേകിച്ച് നമുക്കോ വേണ്ടപ്പെട്ടവർക്കോ ബയോപ്‌സി വേണമെന്ന് കേട്ടാൽ ഉള്ളിൽ ഭയം ആളികത്തും. ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചും ബയോപ്‌സി എന്നാൽ ക്യാൻസർ രോഗനിർണയിത്തിനായി നടത്തുന്ന പരിശോധനയാണ്. അതിനാൽ തന്നെ ബയോപ്‌സിയെന്ന് കേട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നതും ക്യാൻസർ എന്ന രോഗമാണ്.

തൈറോയ്‌ഡ്, കരൾ, കിഡ്‌നി, ശ്വാസകോശം, തുടങ്ങിയ അവയവങ്ങളിലോ അസ്ഥി, വയറ്, പെൽവിസ്, ലിംഫ് നോഡുകൾ എന്നീ ശരീരഭാഗങ്ങളിലോ അസാധാരണമായ പിണ്ഡമോ മുഴയോ കണ്ടെത്തിയാൽ രോഗനിർണയത്തിനായി നടത്തുന്ന പരിശോധനയാണ് ബയോപ്‌സി. അസ്വാഭാവികമായ ടിഷ്യു അർബുദമാണോ എന്ന് നിർണ്ണയിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കൂടുയാണിത്.

‘ബയോ’ എന്നാൽ ജീവനുള്ളതെന്നാണ് അർഥം. ‘ഓപ്‌സി’ എന്നാൽ കാണുകയെന്നും. ഒരു മൈക്രോസ്‌കോപ്പിന്‍റെ സഹായത്തോടെ ജീവനുള്ളവയുടെ സ്വഭാവ സവിശേഷതകൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് അതിലെന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് പരിശോധിക്കുന്ന രീതിയാണ് ബയോപ്‌സിയെന്ന് ചുരുക്കത്തിൽ പറയാം.

എന്താണ് ബയോപ്‌സി

ശരീരത്തിൽ എവിടെയെങ്കിലും ടിഷ്യുവിനെ ബാധിക്കുന്ന ഏതെങ്കിലും രോഗമുണ്ടെന്ന് സംശയിച്ചാൽ ടിഷ്യുവിന്‍റെ ഒരു ചെറിയ സാമ്പിൾ നീക്കം ചെയ്‌ത ശേഷം നടത്തുന്ന പരിശോധനയാണ് ബയോപ്‌സി.

ബയോപ്‌സിയുടെ പ്രാധാന്യം

പ്രഥമിക രോഗ നിർണയത്തിനായും ചികിത്സ രീതികൾ തീരുമാനിയ്ക്കാനുമാണ് ഡോക്‌ടർമാർ ബയോപ്‌സി നിർദേശിക്കുന്നത്. കൂടാതെ നേരത്തെ പ്രാഥമിക പരിശോധനയിലൂടെ കണ്ടെത്തിയ രോഗം അത് തന്നെയാണോ എന്ന് ഉറപ്പിക്കാനും ബയോപ്‌സി നടത്താറുണ്ട്. ചില രോഗങ്ങൾ രക്തപരിശോധന, സ്‌കാനിംഗ്‌ എന്നിവയിലൂടെ നിർണയിക്കാൻ സാധിക്കാറുണ്ട്. എന്നാൽ ഇത്തരം പരിശോധനയ്ക്ക് വിധേയമായാലും 100 % ഉറപ്പിക്കാനായി ബയോപ്‌സി വേണ്ടിവരുന്നു.

ഏതൊരു രോഗത്തിന്‍റെയും സ്വഭാവം മനസിലാക്കിയാൽ മാത്രമേ അനുയോജ്യമായ ചികിത്സാ രീതി ഏതെന്ന് തീരുമാനിയ്ക്കാൻ സാധിക്കൂ. ഇത്തരം സാഹചര്യങ്ങളിലും ബയോപ്‌സി നടത്താറുണ്ട്. ചില രോഗങ്ങളുടെ ലക്ഷണങ്ങൾ ഒന്നാകാമെങ്കിലും അത് തികച്ചും വ്യത്യസ്‌ത അസുഖങ്ങളാകാം. ഇത്തരം സാഹചര്യങ്ങളിൽ മറ്റ് രോഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പിക്കുന്നതിനായി ബയോസ്‌പി ആവശ്യമായി വരാറുണ്ട്. കൂടാതെ രോഗ കാരണം വളരെ എളുപ്പത്തിൽ കണ്ടെത്താനും ബയോപ്‌സിയിലൂടെ സാധിയ്ക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*