‘വിലങ്ങാടിന് സഹായം നൽകുന്നതിൽ വീഴ്‌ച ഉണ്ടായോയെന്ന് പരിശോധിക്കും’; ദുരന്ത മേഖല സന്ദര്‍ശിച്ച് ചീഫ് സെക്രട്ടറി

കോഴിക്കോട്: ഉരുൾപൊട്ടലിൽ തകർന്ന വിലങ്ങാടിന് സഹായം നൽകുന്നതിൽ വീഴ്‌ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ദുരന്ത മേഖലയിലെത്തി പരിശോധന നടത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. സംഭവത്തില്‍ പരാതികൾ ഉയർന്നതോടെയാണ് പ്രദേശത്ത് നേരിട്ടെത്തി പരിശോധന നടത്തിയത്.

അർഹതപ്പെട്ട എല്ലാവർക്കും സഹായം ഉറപ്പാക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ദുരന്തത്തിൽ ഒറ്റപ്പെട്ട മഞ്ഞചീളി കോളനിയിലേക്ക് ചീഫ് സെക്രട്ടറി നടന്നു കയറി. പ്രദേശത്ത് എൻഐടി സംഘം പരിശോധന നടത്തുമെന്നും അവർ പറഞ്ഞു.

പ്രദേശവാസികളുടെ വലിയ പരാതി ഉയർന്നതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി നേരിട്ടെത്തിയത്. വാടക വീടുകളിൽ കഴിയുന്നവർക്കുള്ള 6000 രൂപ പോലും ഇതുവരെ നൽകിയിട്ടില്ല. അപകട ഭീഷണി അവഗണിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങേണ്ട ഗതികേടിലാണ് ദുരിത ബാധിതർ.

വാടക നൽകാൻ കഴിയാതെ വന്നതോടെ പലരും അപകടഭീഷണിയുള്ള വീടുകളിലേക്ക് മാറിത്തുടങ്ങി. ഉരുള്‍പൊട്ടലിൽ കൃഷിയിടം നഷ്‌ടമായവര്‍ക്കും ഒന്നും നൽകിയിട്ടില്ല.

ഉരുള്‍പൊട്ടലിലെ അടിയന്തര ധനസഹായം പോലും പൂര്‍ണമായും നൽകിയിട്ടില്ല. ഉരുള്‍പൊട്ടലിൽ ബാക്കിയായ നീര്‍ച്ചാലും തകര്‍ന്ന വീടുകളുമൊക്കെ നിലകൊള്ളുന്ന ഭീതിയുടെ അന്തരീക്ഷത്തിലാണ് പലരും ഇപ്പോഴും പ്രദേശത്ത് കഴിയുന്നത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിനോട് ചേര്‍ന്ന് വീടുള്ളവര്‍ മറ്റ് വഴികളില്ലാതെ ഇപ്പോഴും അവിടെ തന്നെ കഴിയുകയാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*